കൊച്ചി: രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെയും ദേശസുരക്ഷയുടെയും പേരുപറഞ്ഞ് ഇരുട്ടിൽ നിർത്തുന്നതാണ് മീഡിയവൺ വിഷയത്തിൽ കേന്ദ്രസർക്കാർ, സിംഗിൾ ബെഞ്ച് ഉത്തരവുകളെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ. രാജ്യസുരക്ഷ എന്നതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് എന്താണെന്നും ഇതിന്റെ മറവിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനാവില്ലെന്നും സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ച് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹൈകോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷ ഉയർത്തിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
എന്നാൽ, കഴിഞ്ഞ 10 വർഷം എന്തുകൊണ്ടാണ് രഹസ്യ ഏജൻസികളുടെ റിപ്പോർട്ടിൽ നടപടിയുണ്ടാകാതിരുന്നത്. ഭരണകൂട നടപടി ഭരണഘടന അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതിന് പകരം വേദകാലം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ആരോപണമെന്തെന്ന് അറിയിക്കാത്ത നടപടി ജനാധിപത്യരാജ്യത്ത് അനുവദനീയമല്ല. ഉപാധികളിലും വ്യവസ്ഥകളിലും തുടർച്ചയായി അഞ്ചു തവണയെങ്കിലും ലംഘനമുണ്ടായാലേ അനുമതി റദ്ദാക്കാനാവൂ. 10 വർഷത്തിനിടെ സുരക്ഷ ക്ലിയറൻസ് നിഷേധിച്ചിട്ടില്ല എന്നതുതന്നെ ഇത്തരം നടപടി ഉണ്ടായിട്ടില്ലെന്നതിന് തെളിവാണ്. ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിത്തറയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യമാണ്.
കേസുമായി ബന്ധപ്പെട്ട വസ്തുതകളും വിവരങ്ങളും ഹരജിക്കാരനും സർക്കാർ കൈമാറണമെന്ന് ഉത്തരവുകളുണ്ട്. രാജ്യസുരക്ഷയുടെയും മറ്റും പേരിൽ അധികാര ദുർവിനിയോഗം അനുവദിക്കാനാവില്ല. രാജ്യസുരക്ഷയുടെ പേരിൽ സർക്കാറിന് ഫ്രീ പാസ് അനുവദിച്ചിട്ടില്ലെന്നാണ് മനോഹർലാൽ ശർമ കേസിലെ കോടതി പരാമർശം. നടപടികളുണ്ടാവുമ്പോൾ വസ്തുതകളുണ്ടായിരിക്കുകയും കോടതിക്ക് മുന്നിൽ ന്യായീകരണമുണ്ടാവുകയും വേണം. റൊമേഷ് ഥാപ്പർ കേസ്, ക്യാപ്റ്റൻ സുബേദാർ സിങ് കേസ്, മേനക ഗാന്ധി കേസ്, ഇന്ത്യൻ എക്സ്പ്രസ് കേസ്, സുബ്രമണ്യം സ്വാമി കേസ് തുടങ്ങിയവ ഉദ്ധരിച്ച് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, അറിയാനും അറിയിക്കാനുമുള്ള അവകാശത്തെക്കാൾ പ്രാധാന്യം രാജ്യസുരക്ഷക്കാണുള്ളതെന്നായിരുന്നു കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറലിന്റെ വാദം. മാർഗരേഖകളുടെ ലംഘനമുണ്ടായതാണ് അടിസ്ഥാനം.
എന്നാൽ, രാജ്യസുരക്ഷയെ കുറിച്ചാണ് സിംഗിൾ ബെഞ്ച് വിധിയെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷ വിഷയം മാർഗരേഖയുടെ ഭാഗമാണെന്നായിരുന്നു മറുപടി. അടുത്ത 10 വർഷത്തേക്ക് അനുമതി നൽകുന്ന പ്രക്രിയക്ക് ആദ്യഘട്ടത്തിലെ നടപടിക്രമം ബാധകമാണ്. അനുമതി റദ്ദാക്കുന്ന വ്യവസ്ഥകൾ എന്താണെന്ന് ഈ ഘട്ടത്തിൽ കോടതി ആരാഞ്ഞു. അനുമതി നൽകാനുള്ള വ്യവസ്ഥകൾ പ്രകാരം പിൻവലിക്കുന്നതും പുതുക്കിനൽകാത്തതും അനുമതി റദ്ദാക്കലാണെന്നായിരുന്നു മറുപടി. അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികളൊന്നും കേസിൽ ബാധകമല്ലെന്നും എ.എസ്.ജി വാദിച്ചു.
വ്യവസ്ഥ ലംഘനമടക്കം കാരണങ്ങളുടെ പേരിൽ അനുമതി റദ്ദാക്കാമെങ്കിലും ബന്ധപ്പെട്ടവരെ കേട്ടുവേണം തീരുമാനമെടുക്കാനെന്നാണ് ചട്ടമെന്ന് പത്രപ്രവർത്തക യൂനിയനും ചാനൽ ജീവനക്കാർക്കും വേണ്ടി ഹാജരായ അഭിഭാഷകനും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.