തിരുവനന്തപുരം: കേരളത്തിലെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. ഇന്നു രാവിലെയാണ് മന്ത്രിമാർ ഒപ്പുവെച്ച ഓർഡിനൻസ് രാജ്‍ഭവനിലേക്ക് അയച്ചത്. ഓർഡിനൻസ് തന്നെ ബാധിക്കുന്നത് ആയതിനാൽ രാഷ്ട്രപതിയുടെ ശിപാർശക്ക് അയക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാട്. അങ്ങനെ വന്നാൽ ഒരു തീരുമാനം ആകുന്നതു വരെ ബിൽ അവതരിപ്പിക്കാൻ കഴിയില്ല. ഓർഡിനൻസ് രാഷ്ട്രപതി പരിഗണിക്കുമ്പോൾ അതിനു പകരമുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സാധിക്കില്ലെന്നാണ് ചട്ടം.
ഇന്ന് വൈകീട്ട് ഡൽഹിക്ക് പോകുന്ന ഗവർണർ 20നാണ് മടങ്ങിയെത്തുക. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ലായി കൊണ്ടുവന്ന് പാസാക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. ഡിസംബർ ആദ്യം നിയമസഭ ചേരാനാണ് സർക്കാർ ധാരണ.
അടുത്ത മന്ത്രിസഭ യോഗം മിക്കവാറും നിയമസഭ വിളിച്ചുചേർക്കാൻ ശിപാർശ നൽകും. ഓർഡിനൻസ് ഗവർണർ ഒപ്പിടുന്നത് നീട്ടിയാലും രാഷ്ട്രപതിക്ക് വിട്ടാലും ബിൽ നിയമസഭയിൽ കൊണ്ടുവരുന്നതിന് തടസ്സമില്ലെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം. ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ചാൽ സർക്കാർ നിയമനടപടി സ്വീകരിക്കും. ഇതിനായി കൂടിയാലോചനകൾ നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.