തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യങ്ങളിൽ ജില്ലകളിൽ ഒാക്സിജൻ പാർലറുകൾ, ഒാക്സിജൻ പ്ലാൻറ് ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആശുപത്രികളിലെ ഓക്സിജന്‍ വിതരണവും ഏകോപനവും പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജില്ല തലത്തില്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി നെടുമങ്ങാട് സബ് കലക്ടര്‍ നോഡല്‍ ഓഫിസറായി ലേബര്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. കൊല്ലത്ത് കോവിഡ് മാനദണ്ഡം ലംഘിക്കുന്നതില്‍ വീഴ്ചവരുത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കും.
കോട്ടയം ജില്ലയില്‍ വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിന് പ്രാദേശികമായി ഓക്സിജന്‍ പാര്‍ലറുകള്‍ ആരംഭിക്കും. സംസ്ഥാനത്തെ തന്നെ ആദ്യത്തെ പാര്‍ലര്‍ മണര്‍കാട് സെൻറ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എറണാകുളം ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സ ആവശ്യത്തിനായി സജ്ജമാക്കും. തൃശൂരില്‍ ഓക്സിജന്‍ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം എത്രയെന്ന് പഠിക്കുന്നതിനും ഒരുക്കങ്ങള്‍ നടത്തുന്നതിനുമായി ജില്ല വികസന സമിതി ഓഫിസറുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു.
പാലക്കാട്ട് രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും വീടുകളില്‍ താമസിക്കാന്‍ സൗകര്യം ഇല്ലാത്തതും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവരുമായ കൊവിഡ് രോഗികള്‍ക്കുള്ള 10 ഡൊമിസിലറി കെയര്‍ സെൻററുകളിലായി 780 ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. മലപ്പുറത്ത് കോവിഡ് ആശുപത്രികളില്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം പരിശോധന നടത്തി മരുന്നുകളുടെ ലഭ്യതയും ഓക്സിജന്‍ ലഭ്യതയും ഉറപ്പുവരുത്തും. കോഴിക്കോട് 75000 രോഗികളെ ചികിത്സിക്കാനാവശ്യമായ ഒരുക്കം നടത്തും. വയനാട് കണ്ടെയ്ൻമെൻറ് സോണ്‍ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി. അതനുസരിച്ച് ഒരു വാര്‍ഡില്‍ 10 അല്ലെങ്കില്‍ അതിലധികം വീടുകളില്‍ കോവിഡ് ബാധയുണ്ടായാല്‍ വാര്‍ഡ് കണ്ടെയ്ന്െമൻറ് സോണായി പ്രഖ്യാപിക്കും.
കണ്ണൂരിൽ ഓക്സിജന്‍ മാനേജ്മെൻറിന് പ്രത്യേക പദ്ധതി തയാറാക്കും. കാസര്‍കോട് ജില്ല പഞ്ചായത്തിന് കീഴിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്സിജന്‍ പ്ലാൻറ് സ്ഥാപിക്കും. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന 17 പോയൻറുകളിലൂടെ കടന്നുവരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.