തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്ന് കേരള കോൺഗ്രസ് മാണിഗ്രൂപ്പിൽ ഉണ്ടായ അസ്വസ്ഥതകളെ പരമാവധി പ്രയോജനപ്പെടുത്താൻ കോൺഗ്രസ് നീക്കം തുടങ്ങിയതോടെ കെ.എം. മാണി ചുവടുമാറ്റുന്നു. പാർട്ടിയിലെ ഭൂരിഭാഗം എം.എൽ.എമാരും സ്വന്തം വിശ്വസ്തർ ഉൾപ്പെടെയുള്ള നേതാക്കളും ഇടതു കൂട്ടുകെട്ടിനെതിരെ രംഗത്തുവന്നതാണ് ഇതിനുകാരണം. അതേസമയം മാണിയോട് ഇനി മൃദുനയം വേണ്ടെന്ന കടുത്ത നിലപാടാണ് കോൺഗ്രസിന്. നിയമസഭക്കകത്തും മാണിക്കെതിരെ വിമർശനങ്ങൾ തൊടുത്തവിട്ട കോൺഗ്രസ്, ഇനി വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന വ്യക്തമായ സൂചനയും നൽകി. കോട്ടയം ജില്ല പഞ്ചായത്തിൽ മുൻധാരണക്കും തീരുമാനത്തിനും വിരുദ്ധമായി പാർട്ടി നടത്തിയ രാഷ്ട്രീയനീക്കത്തോട് അതൃപ്തി പ്രകടിപ്പിച്ച പി.ജെ. ജോസഫ്, പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് ഒരിടത്തും ചർച്ച നടന്നിട്ടിെല്ലന്ന് തുറന്നുപറഞ്ഞു. പാർട്ടിയിൽ ജോസഫിെൻറ വിശ്വസ്തനായ മോൻസ് ജോസഫിനും സമാന അഭിപ്രായമാണ്.
ജോസഫ് വിഭാഗത്തിന് പുറമെ തെൻറ വിശ്വസ്തരും ഇടതുബന്ധത്തോട് യോജിക്കാത്തത് മാണിയെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇതോടെയാണ് കോട്ടയത്തെ രാഷ്ട്രീയനീക്കം നിർഭാഗ്യകരമായിപ്പോയെന്ന് പറയാൻ നിർബന്ധിതനായത്. എല്ലാവരോടും തുല്യഅകലമെന്ന ചരൽക്കുന്ന് ക്യാമ്പിൽ പാർട്ടി കൈക്കൊണ്ട തീരുമാനത്തിൽ മാറ്റമിെല്ലന്ന് വ്യക്തമാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. കോൺഗ്രസ്, യു.ഡി.എഫ് വിരുദ്ധതയില്ലെന്നും സി.പി.എം ഉൾപ്പെടെ ആരോടും അന്ധമായ വിരോധമോ അസ്പൃശ്യതയോ ഇല്ലെന്നും മാണി പറഞ്ഞത് ഏതെങ്കിലും കൂട്ടുകെട്ട് സി.പി.എമ്മുമായി ഉണ്ടാക്കിയിട്ടില്ലെന്ന് എം.എൽ.എ മാർ ഉൾപ്പെടെ പാർട്ടിയിലെ നേതാക്കളെ ബോധ്യപ്പെടുത്തുന്നതിനാണെന്നതിൽ സംശയമില്ല. അതേസമയം, ഇത്രയും കാലവും മാണിയോട് സ്വീകരിച്ചുവന്ന മൃദുസമീപനം ഇനി വേണ്ടെന്നാണ് കോൺഗ്രസിെല െപാതുകാഴ്ചപ്പാട്.
‘നിർഭാഗ്യകരം, ഉത്തരവാദിത്വം ഏെറ്റടുക്കുന്നു’
തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണ സ്വീകരിച്ചത് പ്രാദേശിക നീക്കുപോക്ക് മാത്രമാണെന്നും പാർട്ടി നേതൃത്വത്തിെൻറ ആലോചനയോ നിർദേശമോ ഉണ്ടായിരുന്നില്ലെന്നും കേരള കോണ്ഗ്രസ് ചെയർമാൻ കെ.എം. മാണി. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. കോട്ടയം ഡി.സി.സിയുടെ പരിഹാസവും അധിക്ഷേപവും കേട്ട് വേദനിച്ച പാർട്ടി പ്രവർത്തകരുടെ പ്രതികരണമാണിത്. അതിന് താൻ അവരെ കുറ്റം പറയുന്നില്ല, തള്ളുന്നുമില്ല. അത് ഉൾക്കൊള്ളുകയും ഉത്തരവാദിത്വം ഏെറ്റടുക്കുകയും ചെയ്യുന്നു. പാർട്ടിയിലെ ഭിന്നത ഒഴിവാക്കാനാണോ നിലപാട് മാറ്റമെന്ന് ചോദിച്ചപ്പോൾ പാർട്ടിയിൽ ഭിന്നതയില്ലെന്നും തനിക്കും ജോസഫിനും ഒരേ അഭിപ്രായമാണെന്നും മാണി പറഞ്ഞു. എന്തെങ്കിലും കൂട്ടുകെട്ടിലേക്ക് നീങ്ങുന്നതിന്, മുൻകൂട്ടിയുള്ള നടപടിയല്ല ഇത്. തികച്ചും പ്രാദേശികമായ നടപടിയാണ്. സി.പി.എമ്മുമായി അസ്പൃശ്യത കൽപിക്കാൻ ഏത് പാർട്ടിക്ക് കഴിയും? സി.പി.എമ്മിനെ പ്രാദേശികമായി തൊട്ടുപോയി എന്നത് വലിയ അപരാധമായി കോൺഗ്രസുകാർ കൊണ്ടുനടക്കേണ്ട കാര്യമിെല്ലന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ചർച്ചചെയ്തിട്ടില്ല
തൊടുപുഴ: കോട്ടയം ജില്ല പഞ്ചായത്തിലെ രാഷ്ട്രീയനീക്കം നിർഭാഗ്യകരമെന്ന് കേരള കോൺഗ്രസ് -എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. പുതിയ കൂട്ടുകെട്ടിനെക്കുറിച്ച് പാർട്ടിയുടെ ഒരു ഫോറത്തിലും ചർച്ചചെയ്തിട്ടില്ല. ചരൽക്കുന്ന് ക്യാമ്പിലെ ചർച്ചയിൽ പ്രാദേശികമായി യു.ഡി.എഫുമായി സഹകരിക്കാനായിരുന്നു തീരുമാനം. പ്രാദേശികതല തീരുമാനം എന്നാണ് കോട്ടയം ജില്ല പഞ്ചായത്തിലെ നിലപാടിനെക്കുറിച്ച് മാണി വിശദീകരിച്ചത്. പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് കെ.എം. മാണിയുമായി ചർച്ചചെയ്യുമെന്നും ജോസഫ് തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.