പിതൃതർപ്പണത്തോടനുബന്ധിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് തെറ്റിധാരണ ഉണ്ടാക്കിയെന്ന് അംഗീകരിച്ച് സി.പി.എം നേതാവ് പി ജയരാജൻ. വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് എഴുതിയതെന്നും അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പിതൃതർപ്പണ ദിനത്തോടനുബന്ധിച്ച് ജൂലൈ 27ന് പി. ജയരാജൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വലിയ വിവാദമായിരുന്നു. പിതൃസ്മരണ ഉയർത്തി വിശ്വാസികൾ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധ സംഘടനകൾ ആവശ്യമായ സേവനം നൽകണമെന്ന് കുറിപ്പിൽ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. തന്റെ നേതൃത്വത്തിലുള്ള ഐ.ആർ.പി.സി ബലിതർപ്പണ വേദിയിലൊരുക്കിയ സൗകര്യങ്ങളുടെ ചിത്രങ്ങൾ പിന്നീട് പോസ്റ്റ് ചെയ്യുകയും ചെയ്തു. വിവാദം കനത്തതോടെ 29 ന് വിശദീകരവുമായി അദ്ദേഹം വീണ്ടും ഫേസ്ബുക്കിൽ ദീർഘ കുറിപ്പെഴുതി. വിശ്വാസികള്‍ ഒത്തുചേരുന്ന പൊതു ഇടങ്ങള്‍ മതതീവ്രവാദികള്‍ക്ക് വിട്ടു നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള പോസ്റ്റ് വിപുലമായ തോതില്‍ ചര്‍ച്ചക്കിടയായതില്‍ സന്തോഷമെന്നായിരുന്നു ആ കുറിപ്പിൽ അദ്ദേഹം ചൂണ്ടികാണിച്ചത്.
എന്നാൽ, പാർട്ടിയിൽ നിന്ന് തന്നെ വിമർശനമുയർന്ന സാഹചര്യത്തിലാണ് പി ജയരാജൻ ഇപ്പോൾ തിരുത്തുമായി രംഗത്തെത്തിയിരിക്കുന്നത്. തെറ്റിധാരണ ഉണ്ടാക്കി എന്ന വിമർശനം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം എഴുതി
ഇരുപത്തിയേഴിന്റെ ഫേസ്ബുക് പേജിലെ കുറിപ്പിൽ പിതൃ തർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽ പെടുത്തി. അത് ഞാൻ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടിൽ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തിൽ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാൽ വിശ്വാസികൾക്കിടയിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന എൻ്റെ അഭിപ്രായമാണ് ആ പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നത്. നാലു വർഷമായി കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആർ.പി.സി.യുടെ ഹെൽപ് ഡെസ്ക് പിതൃ തർപ്പണത്തിന് എത്തുന്നവർക്ക് സേവനം നൽകി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിർവ്വഹിച്ചു. ഇത്തരം ഇടപെടലുകൾ ആവശ്യമാണ്.
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള സാങ്കൽപ്പിക സംഗമങ്ങൾ ആണ് കർക്കടക വാവ് ബലി. നാളെ മലയാളികളിൽ വളരെയധികം പേർ പിതൃസ്മരണകളിൽ മുഴുകും. ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം തന്നെ മണ്മറഞ്ഞു പോയവരുടെ സ്‌മൃതികൾ നമ്മളിൽ ഉണർത്തുമെങ്കിലും കർക്കടക മാസത്തിലെ കറുത്ത പക്ഷം പിതൃക്കൾക്കു വേണ്ടി മാത്രമുള്ളതാണ്. മരണത്തെ കാൽപ്പനികവൽക്കരിച്ചും ആചാര വിശ്വാസങ്ങളിൽ തളച്ചിട്ടും മതങ്ങളുടെ അരികു ചേർന്നും മനുഷ്യൻ ആ മഹാ നിശബ്ദതയെ തന്നാലാവുന്ന വിധമെല്ലാം ചേർത്ത് നിർത്തുന്നു.
വേദങ്ങൾ, പുരാണ ഇതിഹാസങ്ങൾ, വിവിധ മതങ്ങൾ, ലോകമെമ്പാടുമുള്ള സംസ്കാരങ്ങൾ എന്നിവയിൽ എല്ലായിടത്തും ഈ പിതൃ സ്മരണയുടെ ഏടുകൾ കണ്ടെത്താനാവും. മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവരോടുള്ള ആദരത്തിനും അവർക്ക് സാങ്കല്പികമായി അന്നമൂട്ടുന്നതുമായ ഈ ആചാരങ്ങൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ദുഃഖത്തോടെ അല്ലാതെ മരിച്ചവരെ ഓർക്കാൻ നമുക്കാവില്ല. അത് അകാലമായ വേർപാട് ആകുമ്പോൾ പറയുകയും വേണ്ട, ദുഃഖം പതിന്മടങ്ങാകുന്നു. എന്നാൽ ജീവിതം മുന്നോട്ടു പോകുക തന്നെ ചെയ്യുന്നു. വേർപിരിഞ്ഞു പോയവരെ ചേർത്ത് നിർത്തുക, അവരുണ്ടെന്നു സങ്കൽപ്പിക്കുക, അവശേഷിപ്പിച്ചു പോയ ശൂന്യതയുടെ നാക്കിലയിൽ സ്നേഹത്തിന്റെ ഒരു ഉരുള വയ്ക്കുക. പിന്നെയുമെന്തൊക്കെയോ ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുക. കർക്കടക ബലിയുടെ അന്തസ്സത്ത ഈ സ്മരണയിലാണ്.
ഇസ്ലാം മത വിശ്വാസികൾ മരിച്ചവരുടെ സ്മരണയ്ക്കായി ആണ്ട് നേർച്ച നടത്താറുണ്ട്. മരിച്ചവരുടെ ആത്മാവിന് ശാന്തി നേർന്നുകൊണ്ട് അവർ മറ്റുള്ളവർക്ക് ഭക്ഷണം നൽകും. അന്ന് ഖബറിടങ്ങളിൽ പ്രാർഥനയുമുണ്ട്. കൃസ്തീയ വിശ്വാസികളും കുഴിമാടങ്ങൾക്കു മുമ്പിൽ ആണ്ട് പ്രാർത്ഥന നടത്താറുണ്ട്.
ഭൗതീക വാദികളും മൺമറഞ്ഞു പോയവരെ അനുസ്മരിക്കുന്ന വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അവരുടെ ദീപ്തമായ സ്മരണയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തങ്ങളിലൂടെ അവർ ജീവിക്കുന്നു എന്നാണവർ ഉദ്ഘോഷിക്കുന്നത്.
പ്രാചീനകാലത്തിലെ ഗുഹാചിത്രങ്ങളിലടക്കം ചരിത്രഗവേഷകർ മരണാനന്തരം ആത്മാക്കളെ ആരാധിക്കുന്ന ആചാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പെറുക്കിത്തിന്നും ക്രമേണ കൃഷിചെയ്തും സ്വകാര്യ സ്വത്തിലേക്ക് എത്തിച്ചേർന്ന മനുഷ്യൻ, മൂലധന താൽപര്യങ്ങൾക്ക് എന്നും പാരമ്പര്യ സ്മരണകളുടെ കൂട്ടുപിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ ആരാധനാക്രമങ്ങൾ ക്രമേണ മതത്തിലേക്കും പൗരോഹിത്യത്തിലേക്കും എത്തിച്ചേർന്നു.
ഉത്തരകേരളത്തിൽ പിതൃക്കൾ വീട് സന്ദർശിക്കുന്ന ദിവസമായിട്ടാണ് കർക്കടക വാവിനെ കാണുന്നത്. അകത്തു വയ്ക്കുക എന്ന ചടങ്ങിൽ മണ്മറഞ്ഞു പോയ പ്രിയപ്പെട്ടവർക്ക് അവർക്കിഷ്ടപ്പെട്ട ഭക്ഷണം ഒരുക്കി വയ്ക്കും. മരിച്ചവരെ അവർണജനവിഭാഗങ്ങൾ "വെള്ളംകുടി" എന്ന താരതമ്യേന ലളിതമായ വാക്കിലൂടെയാണ് അനുസ്മരിച്ചിരുന്നത്. ഇളനീരും അരിപ്പൊടിയും അടയും കപ്പയുമൊക്കെ തങ്ങളുടെ പൂർവികർക്ക് നൽകി കീഴാള ജനത പൂർവ ജനതയുടെ ഓർമകളെ തിരികെ വിളിച്ചുകൊണ്ടിരുന്നു. എന്നാൽ ക്ഷേത്ര കേന്ദ്രീകൃതമായ ആചാരാനുഷ്ഠാനങ്ങളുടെ സ്വാധീനം ഇതിനെയെല്ലാം തകിടം മറിച്ചു. ഇളനീരും മീനുമെല്ലാം കഴിച്ച് തൃപ്തരായിരുന്ന പൂർവപിതാക്കൾ വെള്ളച്ചോറും ദർഭയും എള്ളും സ്വീകരിക്കേണ്ടി വന്നു.പിതൃബലിയിൽ വളരെയധികം കൗതുക കരമായ വൈവിധ്യം പുലർത്തിയിരുന്ന സമൂഹങ്ങൾ എല്ലാം തന്നെ ഇന്ന് ക്ഷേത്രങ്ങളെയും തീർത്ഥ സ്ഥലികളെയും കേന്ദ്രീകരിച്ചുകൊണ്ട് പിതൃബലികൾ ചെയ്യാൻ തിക്കും തിരക്കും കൂട്ടുന്നു. ക്ഷേത്ര പ്രവേശന വിളംബരം നടക്കുന്നത് വരെ ക്ഷേത്രങ്ങളിൽ നിന്ന് തീണ്ടാപ്പാടകലെ നിൽക്കേണ്ടി വന്ന വലിയൊരു ജനത ഇന്ന് അതെ ക്ഷേത്രങ്ങളിൽ പൂർവികർക്ക് ബലി തർപ്പണം നടത്തുന്നു.
മഹത്തായ ത്യാഗം എന്നാണ് ബലി എന്ന വാക്കിനു അർത്ഥമായി കാണുന്നത്. മനുഷ്യൻ മനുഷ്യനെ തന്നെ ഈശ്വര പ്രീതിക്കായി ബലി നൽകിയതായി ഒറ്റപ്പെട്ടതാണെങ്കിലും വാർത്തകൾ കാണുന്നുണ്ട്. ചരിത്രാതീത കാലം മുതൽ ഭാഷയിലും സംസ്കാരത്തിലും ബലി എന്ന വാക്ക് ഇടം പിടിച്ചിരിക്കുന്നു.
കർക്കടകബലിയിൽ നിഷ്കപടമായ ഒരു പൂർവ്വകാലസ്മരണയുണ്ട്. അതിൽ മതമില്ല, ഐതിഹ്യത്തിലൂടെയും അതിൻ്റ ഭാഗമായ വിശ്വാസത്തിലൂടെയും കടന്നു വന്ന മനുഷ്യനേയുള്ളൂ. ആ മനുഷ്യനിൽ നാനാതരത്തിലുള്ള വിശ്വാസങ്ങളുണ്ട്. അങ്ങനെയുള്ള മനുഷ്യനെ വർഗീയമായ സങ്കുചിത അറകളിലടക്കാനാണ് ചിലർ ശ്രമിച്ചു വരുന്നത്. അക്കാര്യത്തിലാണ് സമൂഹം ജാഗ്രത പുലർത്തേണ്ടത്.
പിതൃ സ്മരണ ഉയർത്തി വിശ്വാസികൾ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധ സംഘടനകൾ ആവശ്യമായ സേവനം നൽകണം. ഇത്തരം ഇടങ്ങൾ ഭീകര മുഖങ്ങൾ മറച്ച് വെക്കാൻ സേവനത്തിൻ്റെ മുഖം മൂടി അണിയുന്നവർക്ക് മാത്രമായി വിട്ടുകൊടുക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.