കോട്ടയം: ലോക്ഡൗൺ കഴിഞ്ഞാലുടൻ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ ഗതാഗത വകുപ്പ് പ്രത്യേക രക്ഷാപാക്കേജിന് രൂപം നൽകും. കെ.എസ്.ആർ.ടി.സിക്കും സ്വകാര്യബസ് വ്യവസായത്തിനും സഹായകമാകുന്ന പാക്കേജ് തയാറാക്കുന്നതിനുള്ള ചുമതല ഗതാഗത വകുപ്പിനാണ്. കെ.എസ്.ആർ.ടി.സിയുടെ നിലനിൽപിന് കേന്ദ്രസർക്കാറിെൻറ അടിയന്തര സഹായംകൂടി ലഭ്യമാക്കാനുള്ള പദ്ധതിയും ഇതിൽ ഉണ്ടാകും. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന് അടുത്തിടെ ഗതാഗതവകുപ്പ് പ്രത്യേക പാക്കേജ് സമർപ്പിച്ചിരുന്നു.1000 കോടിയുടെ സഹായം അടക്കം വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയായിരുന്നു ഇത്.
നിലവിൽ കെ.എസ്.ആർ.ടി.സി വൻ പ്രതിസന്ധിയിലാണ്. പുതിയ ബസുകൾ നിരത്തിലിറക്കുന്നതിനടക്കം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോർപറേഷൻ നേരിടുന്നു.
ലോക്ഡൗണിനെത്തുടർന്ന് സ്വകാര്യ ബസ് വ്യവസായവും അവതാളത്തിലായി. ബസുകൾ നിരത്തിലിറക്കുന്നതിന് ഉടമകൾ അഭിമുഖീകരിക്കുന്നത് ഗുരുതര പ്രതിസന്ധിയാണ്. ഈ സാഹചര്യങ്ങളെല്ലാം പരിശോധിച്ചുള്ള രക്ഷാപാക്കേജാകും നടപ്പാക്കുക.
ബസ്ചാർജ് വർധനയടക്കം നിരവധി ആവശ്യങ്ങൾ സ്വകാര്യ ബസ് മേഖല മുന്നോട്ടുവെച്ചിരുന്നു. ലോക്ഡൗണിലായതോടെ പ്രതിസന്ധി ഇരട്ടിച്ചു. നിലവിൽ 12,400 ബസ് ജി-ഫോറം നൽകിയിട്ടുണ്ട്. മൂന്നുമാസം മുതൽ ഒരുകൊല്ലംവരെ ഇതിലൂടെ നിരത്തിൽനിന്നും പിൻവാങ്ങാൻ ബസുടമകൾക്ക് സാധിക്കും. ലോക്ഡൗൺ പിൻവലിച്ചാലും സർക്കാർ നിർദേശമനുസരിച്ച് സർവിസ് നടത്താൻ ബസുടമകൾ തയാറല്ല. ബസ് സർവിസ് സാധാരണ നിലയിലാകാൻ മാസങ്ങൾ വേണമെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
സമാന അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സിയും. നികുതിയിനത്തിൽ സർക്കാറിനുണ്ടാകുന്ന നഷ്ടം ഭീമമാണ്. 75,000 ത്തോളം തൊഴിലാളികളും ദുരിതത്തിലാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. ഇതിനെല്ലാം പരിഹാരമാകുന്ന പാക്കേജാണ് സർക്കാറിന് ഗതാഗതവകുപ്പ് സമർപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.