തിരുവനന്തപുരം: കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനം അതീവ രഹസ്യമായി. ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലുണ്ടായ തീരുമാനം ബുധനാഴ്ച രാത്രി മാധ്യമങ്ങളിലൂടെയാണ് കെ. മുരളീധരൻ ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും അറിഞ്ഞത്. അനുനയ നീക്കത്തിനുള്ള പഴുതുപോലും പത്മജ നൽകിയില്ല. ബി.ജെ.പി കേന്ദ്ര നേതൃത്വം ചരടുവലിച്ച നീക്കങ്ങളിൽ കേരളത്തിലെ ബി.ജെ.പി നേതാക്കൾക്കും പങ്കുണ്ടായിരുന്നില്ല.
പത്മജയുടെ പൊടുന്നനെയുള്ള മറുകണ്ടം ചാടൽ കോൺഗ്രസിന്റെ വിശ്വാസ്യതയുടെ ആണിക്കല്ലിളക്കി. ഇന്നത്തെ കോൺഗ്രസ്, നാളത്തെ ബി.ജെ.പി എന്നതാണ് സി.പി.എം ഈ തെരഞ്ഞെടുപ്പിൽ പ്രധാനമായും മുന്നോട്ടുവെക്കുന്ന പ്രചാരണം. ദേശീയതലത്തിൽ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും ബി.ജെ.പിയിലേക്ക് ഒഴുകുന്നത് ഉയർത്തിക്കാട്ടിയായിരുന്നു ആക്ഷേപം.
അത് കേരളത്തിലെ കോൺഗ്രസിനെ കാര്യമായി ബാധിച്ചിരുന്നില്ല. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലും സംഘ്പരിവാർ പാളയത്തിലെത്തിയതോടെ കോൺഗ്രസ് സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായി. കേരളത്തിൽ തങ്ങളിലാരെയും ബി.ജെ.പിക്ക് കിട്ടില്ലെന്ന മറുപടിയിൽ പിടിച്ചുനിൽക്കാൻ ഇനി കോൺഗ്രസിനാവില്ല.
കോൺഗ്രസിൽനിന്ന് ആരും എപ്പോഴും തങ്ങൾക്കൊപ്പമെത്താമെന്ന പ്രതീതി സൃഷ്ടിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ബി.ജെ.പി വിരുദ്ധ നിലപാടിൽ കോൺഗ്രസ് നേതാക്കളെ വിശ്വസിക്കാനാവില്ലെന്ന ഇടതുപക്ഷ വിമർശനത്തിന് ബലം ലഭിക്കുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. അത് കോൺഗ്രസിനുണ്ടാക്കുന്ന പരിക്ക് ചെറുതായിരിക്കില്ല. പത്മജയും അനിൽ ആന്റണിയും കോൺഗ്രസ് വിടുമ്പോൾ കൂടെ പോകാൻ അണികൾ ആരുമില്ല എന്നത് വസ്തുതയാണ്. അക്കാര്യം ബി.ജെ.പി നേതൃത്വത്തിനും അറിയാം. അപ്പോഴും ഇരുവർക്കും നൽകുന്ന മുന്തിയ പരിഗണനക്ക് കാരണം അവരുടെ പൈതൃകമാണ്.
കോൺഗ്രസിലെ ഏറ്റവും തലപ്പൊക്കമുള്ള രണ്ട് ദേശീയ നേതാക്കളുടെ മക്കൾ തങ്ങൾക്കൊപ്പമെന്ന പ്രചാരണം സംഘ്പരിവാറിന് നൽകുന്ന ഊർജം ചെറുതല്ല. തങ്ങളുടെ ചൂണ്ടയിൽ ഇനിയും വലിയ മീനുകൾ കൊത്തുമെന്ന പ്രതീക്ഷ സംഘ്പരിവാർ നേതൃത്വം പങ്കുവെക്കുന്നുമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ ‘ഇന്ന് പത്മജ, നാളെ ബി.ജെ.പിയിലേക്ക് ആര്?’ എന്ന പ്രചാരണം മുസ്ലിം വോട്ടുകളെ സ്വാധീനിക്കുമെന്നുറപ്പ്. അത് വലിയ ചലനമായി മാറിയാൽ കോൺഗ്രസിന് പല സീറ്റുകളിലും കാലിടറിയേക്കാം. മോദിപ്പേടിയിൽ കഴിഞ്ഞ തവണ കൂട്ടത്തോടെ കൈപ്പത്തിയിൽ വീണ മുസ്ലിം വോട്ട് ഇത്തവണ പത്മജയിൽ തട്ടി എൽ.ഡി.എഫിലേക്ക് പോയാൽ 2019ലെ വിജയം ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന യു.ഡി.എഫിന് വലിയ തിരിച്ചടിതന്നെ ഉണ്ടായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.