പത്മശ്രീ ലക്ഷ്മികുട്ടി അമ്മയെ അപമാനിച്ചിട്ടില്ല -മന്ത്രി ബാലൻ 

തിരുവനന്തപുരം: പത്മശ്രീ ജേതാവ് ലക്ഷ്മികുട്ടി അമ്മയെ അപമാനിച്ചെന്ന കേന്ദ്രമന്ത്രി ജുവൽ ഓറത്തിന്‍റെ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി എ.കെ ബാലൻ രംഗത്ത്. ലക്ഷ്മികുട്ടി അമ്മയെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി ബാലൻ വ്യക്തമാക്കി. നിയമസഭയിൽ അവരെ അനുമോദിക്കുകയാണ് ചെയ്തത്. പത്മശ്രീ പുരസ്കാരം നിർണയിക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങളെയാണ് വിമർശിച്ചത്. ലക്ഷ്മികുട്ടി അമ്മയെ അപമാനിച്ചെന്ന പ്രചാരണം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്നും ബാലൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
വിതുര പഞ്ചായത്തിലെ ആദിവാസി പാരമ്പര്യ ചികിത്സാ രംഗത്തെ പ്രശസ്തയായ ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതിന് ഞാന്‍ അവരെ അഭിനന്ദിച്ച് അന്ന് തന്നെ പോസ്റ്റിട്ടിരുന്നു. അന്നേ ദിവസം അവരെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു. പാലക്കാട് നടന്ന റിപ്പബ്ലിക് ദിന ചടങ്ങിലെ എന്‍റെ സന്ദേശത്തില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ പേര് പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

31.01.2018 ന് നിയമസഭയില്‍ വന്ന ഒരു സബ്മിഷന് മറുപടിയായി "ഏറ്റവും പിന്നോക്ക സാഹചര്യങ്ങളില്‍ ജീവിച്ചുകൊണ്ട് പാരമ്പര്യ ഗോത്രചികിത്സാരീതികള്‍ തപസ്യയായി സ്വീകരിച്ച് അതിന്‍റെ പ്രചരണത്തിനും പ്രയോഗത്തിനും ഊന്നല്‍ നല്‍കിയ" ലക്ഷ്മിക്കുട്ടിയമ്മയെ സര്‍ക്കാരിന് വേണ്ടി ഞാന്‍ അഭിനന്ദിക്കുകയുണ്ടായി. കൂടാതെ കേരളത്തിലെ ആദിവാസി മേഖലയില്‍ പരമ്പരാഗത ചികിത്സാ രീതികള്‍ അനുവര്‍ത്തിച്ചുവരുന്ന നിരവധി വൈദ്യډാരെയും ഈ വൈദ്യശാസ്ത്ര വിജ്ഞാനത്തെയും പരിപോഷിപ്പിക്കുന്നതിനായി കിര്‍ടാഡ്സ് മുഖേന സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രോത്സാഹന പ്രവര്‍ത്തനങ്ങളും പരാമര്‍ശിക്കുകയുണ്ടായി.

നിലവില്‍ ടാസ്ക് ഫോഴ്സ് ഫോര്‍ ദ ഡോക്യുമെന്‍റേഷന്‍ ഓഫ് ട്രൈബല്‍ മെഡിസിന്‍ പ്രാക്ടീസസ് എന്ന പദ്ധതിയില്‍ കാണിക്കാര്‍, മുതുവാന്‍, ഇരുളര്‍, മുഡുഗര്‍, കുറുമ്പര്‍, കുറിച്ച്യര്‍, മുള്ളുക്കുറമ, മാവിലന്‍, മലവേട്ടുവന്‍ വിഭാഗങ്ങളിലെ വൈദ്യډാരുടെ വൈദ്യജ്ഞാനവും, ഭക്ഷണരീതികളും ഡോക്യുമെന്‍റ് ചെയ്യുന്നതിനുള്ള നടപടിയും പുരോഗമിച്ചുവരികയാണ്. മരുന്നുചെടികളുടെ തോട്ടം നിര്‍മ്മിക്കുന്നതിനും സംരക്ഷിക്കുന്നതിനും ധനസഹായവും നല്‍കിവരുന്നുണ്ട്. കിര്‍ട്ടാഡ്സിന്‍റെ അംഗീകൃത പാരമ്പര്യ വൈദ്യന്മാരുടെ പട്ടികയില്‍ പ്രമുഖസ്ഥാനം വഹിച്ചുവരുന്ന മഹതിയാണ് ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ. ഈ മേഖലയില്‍ കിര്‍ടാഡ്സ് മുഖേനയും പട്ടികവര്‍ഗ്ഗ വികസന വകുപ്പുമുഖേനയും നല്‍കിവരുന്ന എല്ലാ സഹായവും പ്രോത്സാഹനവും പത്മശ്രീ. ലക്ഷമിക്കുട്ടി അമ്മയ്ക്കും ലഭിച്ചു വരുന്നുണ്ട്. അവര്‍ ഗോത്ര ചികിത്സാരീതികളും മരുന്നുകളും പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള പ്രൊജക്റ്റ് സര്‍ക്കാരിന് ലഭ്യമാക്കുന്നപക്ഷം ഉചിതമായ നടപടി സ്വീകരിക്കുന്നതാണ് എന്നും നിയമസഭയില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പത്മശ്രീ ലഭിച്ച ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയെ സംസ്ഥാന സര്‍ക്കാരും അതിന്‍റെ ഭാഗമായ ഞാനും ഏറെ ആദരവോടെയും സ്നേഹത്തോടെയും കാണുന്നു എന്ന് സൂചിപ്പിക്കുവാനാണ് ഇത്രയും പറഞ്ഞുവെച്ചത്. ശ്രീ. ശബരീനാഥ് എംഎല്‍എയുടെ സബ്മിഷനുള്ള മറുപടി എന്ന നിലയിലാണ് ഞാന്‍ നിയമസഭയില്‍ പ്രസ്താവന നടത്തിയത്. ഇത് നിയമസഭ രേഖയില്‍ ഉണ്ട്.

എന്നാല്‍ നിയമസഭയില്‍ പത്മ പുരസ്കാരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങളെ എതിര്‍ക്കേണ്ടി വന്നിട്ടുണ്ട്. കേരള സര്‍ക്കാര്‍ നല്‍കിയ 41 നിര്‍ദ്ദേശങ്ങലില്‍ ഒന്നുമാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്. പത്മവിഭൂഷന്‍, പത്മഭൂഷന്‍ പുരസ്കാരങ്ങള്‍ക്ക് എം ടി വാസുദേവന്‍ നായര്‍, സുഗതകുമാരി ടീച്ചര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെയാണ് ക്രമത്തില്‍ ശുപാര്‍ശ ചെയ്തത്. വിവിധ മേഖലകളില്‍ പ്രഗത്ഭരായ പ്രതിഭകളെ പത്മശ്രീ പുരസ്കാരത്തിനായും ശുപാര്‍ശ ചെയ്തു. എന്നാല്‍ കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 41 പേരില്‍ നിന്നും ഒന്നു മാത്രമാണ് അംഗീകരിച്ചത്. പത്മപുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട വ്യക്തമായ യോഗ്യത മാനദണ്ഡങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റിനോട് മാന്യമായ സമീപനമല്ല കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നണ് ഞാന്‍ നിയമസഭയില്‍ പറഞ്ഞത്. തൊട്ടടുത്ത ദിവസങ്ങളിലെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ കേരളത്തോട് കേന്ദ്രം കാണിച്ച ഈ അവഗണന വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് നിയമസഭയില്‍ പറയാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടത്. പത്മഅവാര്‍ഡുകള്‍ ലഭിച്ച എല്ലാവരെയും സര്‍ക്കാരിന് വേണ്ടി അഭിനന്ദിച്ച് കൊണ്ടാണ് നിയമസഭയില്‍ പ്രസംഗിച്ചത് എന്നതാണ് വസ്തുത. സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മാനദണ്ഡപ്രകാരം നല്‍കുന്ന ലിസ്റ്റ് മുഖവിലയ്ക്കെടുക്കാതെ എവിടുന്നോ നല്‍കുന്ന ലിസ്റ്റ് മാനദണ്ഡങ്ങല്‍ ലംഘിച്ച് പത്മ അവാര്‍ഡിന് പരിഗണിക്കുകയാണെങ്കില്‍ മാജിക്കും കൈനോട്ടവുമൊക്കെ ഭാവിയില്‍ പരിഗണിക്കപ്പെട്ടേക്കാം എന്നാണ് ഞാന്‍ പറഞ്ഞത്. കൈനോട്ടത്തിന് പുരസ്കാരം കിട്ടുമെങ്കില്‍ എന്‍റെ പേര് ഞാന്‍ തന്നെ നിര്‍ദ്ദേശിക്കുമെന്ന് കൂടി തമാശ രൂപത്തില്‍ പറയുകയുണ്ടായി. എംഎല്‍എമാര്‍ക്ക് പ്രത്യേക താല്‍പര്യമുള്ള വിഷയങ്ങള്‍ നിയമസഭാ വെബ്സൈറ്റില്‍ മെമ്പര്‍മാരുടെ പേരിനൊപ്പം ചേര്‍ത്ത വിശദവിവരങ്ങളില്‍ (Who’s Who) വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ എന്‍റെ താല്‍പര്യം മാജിക്കും കൈനോട്ടവുമാണെന്ന് സൂചിപ്പിച്ചിരുന്നു. ഇത് മനസില്‍വെച്ച് കൊണ്ട് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് എന്നെ സൂചിപ്പിച്ച് ഒരു കുസൃതിചോദ്യം ചോദിക്കുകയായിരുന്നു. ഇതില്‍ എവിടെയും പത്മഅവാര്‍ഡ് ലഭിച്ചവരെ അവഗണിച്ച് സംസാരിച്ചിട്ടില്ല എന്ന് വ്യക്തമാണ്.

എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല എന്നത് ദുരൂഹമാണ്. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഈ വിമര്‍ശനത്തോട് പൂര്‍ണമായി യോജിക്കുകയും കേന്ദ്ര സര്‍ക്കാരിന്‍റെ അനുചിതമായ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിഷേധം രേഖാമൂലം അറിയിക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുകയും ഉണ്ടായി. നിയമസഭയിലെ ഒരു അംഗം പോലും എന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ചില്ല. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 70 ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെ സാംസ്കാരിക വകുപ്പ് ആചരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് രാഷ്ട്രീയ പ്രേരിതമായി ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നും തെറ്റായ പ്രചരണങ്ങള്‍ ഉണ്ടാകുന്നത്. ഇത് കേരള സമൂഹം തിരിച്ചറിയണമെന്ന് അറിയിക്കാനാണ് വിശദമായ ഈ കുറിപ്പ്.

Tags:    
News Summary - PadmaSree Controversy: Minister AK Balan replay to Juel Oram -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.