കോട്ടയം: എൽ.ഡി.എഫുമായുള്ള ബന്ധം ഉപേക്ഷിക്കാനൊരുങ്ങി എൻ.സി.പി. പാലാ സീറ്റ് ജോസ് കെ. മാണിക്ക് നൽകിയാൽ എൻ.സി.പി എൽ.ഡി.എഫ് വിടുമെന്നാണ് പാർട്ടി നൽകുന്ന സൂചന. നിയമസഭാ സമ്മേളനത്തിനുശേഷം മുന്നണി മാറ്റം പ്രഖ്യാപിക്കുമെന്നാണ് വിവരം. യു.ഡി.എഫിന്റെ ഭാഗമാകാനാണ് എൻ.സി.പി നീക്കം. ഇതുസംബന്ധിച്ച പ്രഖ്യാപനം എൻ.സി.പി അധ്യക്ഷൻ ശരത്പവാർ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
ഏറെക്കാലത്തിന് ശേഷം തിരിച്ചുപിടിച്ച പാലാ സീറ്റ് കൈവിട്ടുകളയാൻ മാണി സി കാപ്പന് താൽപര്യമില്ല. ഇക്കാര്യം മാണി സി. കാപ്പൻ പരസ്യമായി പ്രകടിപ്പിച്ചതുമാണ്. പാല കൈവിട്ട് കളയേണ്ടി വന്നാൽ പാർട്ടി യു.ഡി.എഫിലേക്ക് ചേക്കേറി പാലായിൽ നിന്ന് മത്സരിക്കാനാണ് മാണി സി. കാപ്പൻ ആഗ്രഹിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ എൽഎഡിഎഫിൽ എൻസിപിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മാണി സി. കാപ്പൻ ആരോപിച്ചിരുന്നു.
അതേസമയം എൻ.സി.പി എൽ.ഡി.എഫ് വിടുന്നുവെന്ന് റിപ്പോർട്ടുകൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ നിഷേധിച്ചു. ഇത്തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന് പീതാംബരൻ പറഞ്ഞു. എൽ.ഡി.എഫ് മുന്നണി വിടുന്നതിൽ ശശീന്ദ്രപക്ഷവും വിയോജിപ്പ് അറിയിച്ചു. അങ്ങനെയെങ്കിൽ ഒരു പിളർപ്പിനും സാധ്യതയുണ്ട്.
എൽ.ഡി.എഫിൽ ഇപ്പോഴുള്ള നാല് സീറ്റുകൾ യു.ഡി.എഫിലേക്ക് പോയാൽ ലഭിക്കുമോ, തനിക്ക് എലത്തൂർ മണ്ഡലം ലഭിക്കുമോ എന്നെല്ലാമുള്ള ആശങ്കകളാണ് ശശീന്ദ്രൻ പക്ഷത്തിനുള്ളത്. അതുകൊണ്ടാണ് മുന്നണിമാറ്റത്തെ ശശീന്ദ്രൻ പക്ഷം എതിർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.