പാലക്കാട്: സൗജന്യമായി ജില്ല ആശുപത്രിക്ക് ലഭിച്ച അത്യാധുനിക എക്സറേ മെഷീൻ എലി കരണ്ട് തകരാറിലായെന്ന്. പാലക്കാട് ജില്ലാ ആശുപത്രിയിലെ പുതിയ എക്സറേ മെഷീൻ ഇതുവരെ പ്രവർത്തിപ്പിക്കാത്തതിൽ പരാതി ഉയർന്നതോടെ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
2021 മാർച്ചിൽ സാംസങ് കമ്പനിയാണ് തങ്ങളുടെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി എക്സറേ മെഷീൻ പാലക്കാട് ജില്ലാ ആശുപത്രിക്ക് നൽകിയത്. മെഷീൻ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജില്ലാ ആശുപത്രിക്കാണെന്ന് കമ്പനിയും ജില്ലാ ആശുപത്രി സൂപ്രണ്ടും തമ്മിൽ കരാറുണ്ടാക്കിയിരുന്നു. രണ്ടു വർഷത്തിനിടയിൽ തകരാർ ഉണ്ടായാൽ കമ്പനി പരിഹരിക്കുമെന്നും എലി, പാറ്റ എന്നിവ കാരണം തകരാർ സംഭവിച്ചാൽ സർവീസ് ലഭിക്കില്ലെന്നും കരാറിൽ ഉണ്ട്.
എക്സറേ മെഷീൻ ഇതുവരെ പ്രവർത്തിപ്പിക്കാത്തിൽ പരാതി ഉയർന്നതോടെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിലാണ് മെഷീന്‍റെ വയറുകൾ എലി കരണ്ടു എന്നും പ്രവർത്തിപ്പിക്കാനാകുന്നില്ലെന്നും വ്യക്തമാക്കുന്നത്.
92 ലക്ഷം രൂപ വിലവരുന്ന മെഷീൻ അറ്റകുറ്റപ്പണി നടത്താൻ 32 ലക്ഷം രൂപയോളം മുടക്കി സർവീസ് നടത്തണമെന്നും പറയുന്നു. ഈ അവസ്ഥക്ക് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.