തിരുവനന്തപുരം: കൊടകരയിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പാലക്കാട്ടെ അസാധാരണ പാതിരാപരിശോധനയും നീല ട്രോളി ബാഗും സംസ്ഥാന രാഷ്ട്രീയത്തിൽ തിളച്ചുമറിയുന്നു. കള്ളപ്പണമെത്തിച്ചെന്ന് സി.പി.എം ആവർത്തിക്കുമ്പോഴും നിലവിട്ട പരിശോധനയിൽ സർക്കാറിനും മുന്നണിക്കും കൈപൊള്ളിയെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. പൊലീസ് നടപടിക്ക് പിന്നാലെ സമരമുഖം തുറന്നാണ് യു.ഡി.എഫ് മറുനീക്കം.
അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല എന്നത് മാത്രമല്ല, അപ്രതീക്ഷിത രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക് കാര്യങ്ങൾ വഴിമാറിയതോടെ സമഗ്രാന്വേഷണം ആവശ്യപ്പെടേണ്ട നിർബന്ധിതാവസ്ഥയിലായി സി.പി.എം. ഇതോടെ സ്വാഭാവിക പരിശോധന എന്നതിൽനിന്ന് പൊലീസ് നീക്കം രാഷ്ട്രീയ നിർദേശത്തെതുടർന്നെന്ന സംശയങ്ങൾകൂടി ബലപ്പെടുന്നു.
കോൺഗ്രസ് നേതാക്കൾ ‘എന്തോ ഒളിപ്പിക്കുന്നു’ എന്ന ആരോപണമല്ലാതെ തിരികെ പ്രയോഗിക്കാൻ മുന്നണിയുടെ കൈവശം കാര്യമായ പിടിവള്ളികളില്ല. നീല ട്രോളി ബാഗുമായി ബന്ധപ്പെട്ട ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടാണ് സി.പി.എം പ്രതിരോധിക്കുന്നത്. അതേസമയം വടകരയിലെ അശ്ലീല വിഡിയോക്കും കാഫിർ സ്ക്രീൻ ഷോട്ടിനുമൊപ്പം നീല ട്രോളി ബാഗ് കൂടി കണ്ണിചേർത്ത് സി.പി.എമ്മിനെതിരെ പ്രചാരണം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തിയ ദിവസമാണ് അപ്രതീക്ഷിത സംഭവവികാസങ്ങളെ തുടർന്ന് രാഷ്ട്രീയശ്രദ്ധ പാലക്കാട്ടേക്ക് മാറിയത്.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പൊലീസ് നിയന്ത്രണം ഇലക്ഷൻ കമീഷനിലാണെന്നും അന്വേഷണം സ്വാഭാവികമാണെന്നുമായിരുന്നു എൽ.ഡി.എഫ് കൺവീൻ ടി.പി. രാമകൃഷ്ണന്റെ നിലപാട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രിയായ തന്റെ വാഹനവും പൊലീസ് പരിശോധിച്ചിട്ടുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
അതേസമയം പരിശോധിച്ചത് പൊലീസാണെങ്കിലും സംഭവവികാസങ്ങൾ വിവാദമാതോടെ ‘നീല ട്രോളി’ ആരോപണത്തിൽ ഉറച്ചുനിൽക്കാനും പൊലീസ് നടപടി ന്യായീകരിക്കാനും സി.പി.എമ്മും നിർബന്ധിതമായി. മൂന്നാം സ്ഥാനത്തുള്ള സി.പി.എം രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പിക്ക് വേണ്ടിയാണ് നീക്കം നടത്തിയതെന്ന നിലയിൽ സി.പി.എം-ബി.ജെ.പി ഡീൽ ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.