പാലക്കാട് കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ ഷാജഹാൻ. ഷാജഹാന്റെ ഭാര്യ ഐഷയും മാതാവ് സുലൈഖയും

'ദോശ ചുട്ടുവെക്ക് ഇപ്പോൾ വരാമെന്ന്‌ പറഞ്ഞ്‌ പോയതാണ്‌ എന്റെ മോൻ, അവർ എന്റെ മോന്റെ ചോര ഊറ്റിയെടുത്തു' -ഷാജഹാന്റെ ഉമ്മ

പാലക്കാട്‌: രാത്രി ഭക്ഷണം ഒരുക്കി വെക്കൂ ഇപ്പോൾ വരാമെന്ന് പറഞ്ഞ് പടിയിറങ്ങിപ്പോയ മകനെ, നിത്യവും കാണുന്ന ഒരുകൂട്ടം മനുഷ്യപ്പിശാചുക്കൾ വെട്ടിനുറുക്കി കൊന്നതിന്റെ ആഘാതത്തിലാണ് ഈ കുടുംബം. കരഞ്ഞ് കണ്ണീർ വറ്റി തളർന്നിരിക്കുകയാണ് കൊല്ല​പ്പെട്ട സി.പി.എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റിയംഗം എസ്. ഷാജഹാന്റെ ഉമ്മ സുലൈഖയും ഭാര്യ ഐഷയും. 

'ദോശ ചുട്ടുവെക്ക് ഇപ്പോൾ വരാമെന്ന്‌ പറഞ്ഞ്‌ രാത്രി എട്ടേമുക്കാലോടെ വീട്ടിൽനിന്ന്‌ ഇറങ്ങിയതാണ്‌ എന്റെ മോൻ. പിന്നെയെന്റെ മോന്റെ ജീവനില്ലാത്ത ദേഹമാണ്‌ കാണാൻ സാധിച്ചത്. ദോശ ചുടുമ്പോഴാണ്‌ ബഹളം കേട്ടത്‌. എന്റെ മോന്റെ ചോര അവർ ഊറ്റിയെടുത്തു. ഞങ്ങൾ ഇനിയെങ്ങനെ ജീവിക്കും' –ഉമ്മ സുലൈഖ തേങ്ങലടക്കി ചോദിക്കുന്നു.

"എല്ലാവർക്കും നന്മ മാത്രം ചെയ്‌ത എന്റെ ഭർത്താവിനെ ഇഞ്ചിഞ്ചായാണ്‌ കൊന്നത്‌. എന്തിനാണിത്‌ ചെയ്‌തത്‌. ആർക്കുവേണ്ടിയാണ് ഞങ്ങളുടെ പ്രിയപ്പെട്ടവനെ കൊന്നത്' -ഷാജഹാന്റെ ഭാര്യ ഐഷയുടെ ഹൃദയം തകർന്ന ചോദ്യങ്ങൾക്ക് മുന്നിൽ സാന്ത്വനിപ്പിക്കാനാവാതെ കൂടിനിന്നവർ വിതുമ്പി. ''മരിച്ചുവീണാലും പാർട്ടിയെ വിട്ടുകൊടുക്കില്ലെന്ന്‌ പറഞ്ഞ മനുഷ്യനാണ്‌. ഞങ്ങൾക്ക്‌ നീതി കിട്ടണം. ഈ ക്രൂരത ചെയ്‌തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. അവർക്ക്‌ തക്കതായ ശിക്ഷ നൽകണം' -ഐഷ പറഞ്ഞു.

ഭീഷണിയുള്ള കാര്യമൊന്നും ഷാജഹാൻ ഇവരോട് പറഞ്ഞിരുന്നില്ല. എന്നാൽ, നവീനും സംഘവും എന്തൊക്കെയോ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കുടുംബം മനസ്സിലാക്കിയിരുന്നു. ഈയിടെ സമീപത്തെ ഒരു മരണവീട്ടിലേക്ക്‌ പോകുമ്പോൾ പ്രതികൾ വഴിയിൽനിന്ന്‌ മോശം കമന്റ്‌ പറഞ്ഞതായി ഐഷ ഓർക്കുന്നു. 'ശത്രുക്കളെപ്പോലെയായിരുന്നു അവരുടെ നോട്ടം. അപ്പോഴേ മനസ്സിൽ ആധി കയറിയതാണ്‌. രണ്ടാഴ്‌ചമുമ്പ്‌ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഇല്ലെങ്കിലും നിങ്ങൾ നന്നായി ജീവിക്കണമെന്ന്‌ ഭർത്താവ്‌ പറഞ്ഞു. അന്ന് മുതൽ സമാധാനം നഷ്ടപ്പെട്ടു' -ഇവർ പറഞ്ഞു.

ആഗസ്‌ത്‌ 15ന്‌ തന്നെ കൊടി ഉയർത്താൻ അനുവദിക്കില്ലെന്ന്‌ ഭീഷണിപ്പെടുത്തുന്നതായി ഷാജഹാൻ ഫോണിലൂടെ ആരോടോ പറഞ്ഞിരുന്നുവത്രെ. അനീഷും ശബരീഷുമൊക്കെ ഭീഷണിപ്പെടുത്തിയതായി ഒരിക്കൽ ഭാര്യയോട് പറഞ്ഞിരുന്നു. പൊലീസിൽ പരാതി കൊടുക്കാൻ പറഞ്ഞിട്ട്‌ കേട്ടില്ല.

സംഭവദിവസം ഐഷയും മക്കളും കല്ലടിക്കോട്ടെ അവരുടെ വീട്ടിലായിരുന്നു. ഒന്നര വർഷത്തിനുശേഷമാണ് വീട്ടിൽ പോയത്‌. അന്ന് രാത്രിയാണ് ഷാജഹാൻ ​കൊല്ല​​​പ്പെട്ടത്.

2019 മുതൽ തന്നെ ഷാജഹാനുമായി പ്രതികൾക്ക് വിരോധമുണ്ടെന്നാണ് പാലക്കാട് എസ്.പി ആർ. വിശ്വനാഥ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 'ബ്രാഞ്ച് സെക്രട്ടറിയായതുൾപ്പെടെ ഷാജഹാന്റെ പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് എതിർപ്പുണ്ടായിരുന്നു. ഇത് ക്രമേണ ശത്രുതയിലേക്ക് മാറി. നവീൻ അടക്കമുള്ള പ്രതികൾ പിന്നീട് സിപിഎമ്മുമായി അകന്നു. ഇത് ഷാജഹാൻ ചോദ്യം ചെയ്തു. നവീൻ രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തു. രാഖി പൊട്ടിച്ചു.കൊലപാതക ദിവസം ശ്രീകൃഷ്ണ ജയന്തി ഫ്ളക്സ് സ്ഥാപിക്കുന്നതിലും തർക്കം ഉണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്' -അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ ഫോൺ രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്ന് എസ്.പി വ്യക്തമാക്കി. രാഖികെട്ടൽ, ഗണേഷോത്സവം, ശ്രീകൃഷ്ണ ജയന്തി ഫ്ലെക്സ് ബോർഡ് വയ്ക്കുന്നതിൽ അടക്കം ഷാജഹാനുമായി പ്രതികൾക്ക് പ്രശ്നം ഉണ്ടായി. പക മൂത്ത് പ്രതികൾ അവരുടെ വീട്ടിൽ നിന്ന് വാളുകൾ എടുത്തു കൊണ്ടുവന്ന് ഷാജഹാനെ വെട്ടുകയായിരുന്നു. ശത്രുത വർധിക്കാൻ മറ്റു കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നിലവിൽ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർ നാല് പേരും നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണ്. ഇവർക്കു പുറമെ ശിവരാജൻ (25), സിദ്ധാർഥൻ (24), സജീഷ്‌ (35), വിഷ്ണു (25) എന്നിവർ കസ്‌റ്റഡിയിലുണ്ട്‌. ഒന്നാംപ്രതി ശബരീഷും രണ്ടാം പ്രതി അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്ന് ഷാജഹാന്റെ സുഹൃത്ത്‌ സുരേഷ്‌ പൊലീസിന്‌ മൊഴി നൽകി. 

Tags:    
News Summary - Palakkad Shajahan murder: family in memory of shajahan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.