കൊച്ചി: ബലക്ഷയം കണ്ടെത്തിയ പാലാരിവട്ടം മേൽപാലം പുനരുദ്ധാരണത്തിന് മുടക്കിയത് എസ്റ്റിമേറ്റ് തുകയെക്കാൾ 8.78 കോടി രൂപ അധികം. ചെലവാക്കേണ്ട തുകക്കായി ഡി.എം.ആർ.സി (ഡൽഹി മെട്രോ റെയിൽ കോർപറേഷൻ) മുൻ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരൻ 18.71 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചിരുന്നത്. പത്ത് മാസംകൊണ്ട് ജോലികൾ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. സമയബന്ധിതമായി ജോലി തീർത്തെങ്കിലും ഫൈനൽ കോസ്റ്റ് ബില്ലായി ഡി.എം.ആർ.സി സമർപ്പിച്ചത് 27.49 കോടി രൂപയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ആദ്യം പാലം പണിത കരാറുകാരായ ആർ.ഡി.എസ് കമ്പനിയിൽനിന്ന് തുക ഈടാക്കുമെന്ന് മുഖ്യമന്ത്രി ബലക്ഷയം കണ്ടെത്തിയ സമയത്ത് പറഞ്ഞിരുന്നു. അത് പ്രകാരം പണം തിരിച്ചുപിടിക്കാൻ നൽകിയ നോട്ടീസിൽ 24.52 കോടിയാണ് ആവശ്യപ്പെട്ടത്. ആർ.ഡി.എസ് കമ്പനിക്ക് നോട്ടീസ് നൽകുമ്പോൾ ഡി.എം.ആർ.സി ഫൈനൽ ബില്ല് സമർപ്പിച്ചിരുന്നില്ലെന്നാണ് ഇതിന് മറുപടിയായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ നൽകുന്ന വിശദീകരണം.
ഫൈനൽ ബില്ല് ലഭിച്ചശേഷം 27.49 കോടി തിരിച്ചുപിടിക്കാൻ പുതിയ നോട്ടീസ് അയച്ചുവെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ, മൊബിലൈസേഷൻ അഡ്വാൻസിലേക്ക് ആർ.ഡി.എസ് കമ്പനി കൊടുത്ത ബാങ്ക് ഗാരൻറി എൻകാഷ് ചെയ്ത വകയിൽ 4.13 കോടി രൂപ മാത്രമാണ്, 27.49 കോടിയിലേക്ക് ഇതുവരെ തിരിച്ചുപിടിക്കാനായത്. കൊച്ചിയിലെ പ്രോപ്പർചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
പാലം പൊളിച്ചുപണിയാനുള്ള സർക്കാർ തീരുമാനം സുപ്രീംകോടതി ശരിവെച്ചതോടെയായിരുന്നു ഡി.എം.ആർ.സിക്ക് കരാർ നൽകിയത്. ടെൻഡർ ക്ഷണിക്കാതെ സർക്കാർ ഉത്തരവ് വഴി പാലാരിവട്ടം മേൽപാലം പൊളിച്ചുപണിയാൻ 22.68 കോടിയുടെ അനുമതിയാണ് നൽകിയത്. 18.71 കോടി എസ്റ്റിമേറ്റ് നൽകിയ പാലത്തിന് 22.68 കോടിയുടെ നിർമാണ അനുമതി നൽകുകയും ചെയ്തു.
ആദ്യപാലം രൂപകൽപന ചെയ്ത ബംഗളൂരു ആസ്ഥാനമായ നാഗേഷ് കൺസൾട്ടൻസിയെയോ പണി ചെയ്ത ആർ.ഡി.എസ് കമ്പനിയെയോ ആർ.ബി.ഡി.സി.കെയും പി.ഡബ്ല്യു.ഡിയും ഇതുവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.