കണ്ണൂർ: ഇരയെ അവിശ്വസിക്കുന്ന, പ്രതിയെ സഹായിക്കുന്ന പൊലീസ് സമീപനം ഇനിയെങ്കിലും മാറണം. മകളുടെ പ്രായം മാത്രമുള്ള സ്വന്തം വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകനെതിരെ കുറ്റം ചുമത്തണം. ഇരയായ കൊച്ചുകുട്ടിയുടെയും കുടുംബത്തിെൻറയും കണ്ണീരു കാണണം. പാലത്തായി പീഡനക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെ മുഴുവനായും മാറ്റി പുതിയ ടീമിനെ നിയോഗിക്കാനുള്ള ഹൈകോടതി ഉത്തരവിനോട് പെൺകുട്ടിയുടെ മാതാവിെൻറ പ്രതികരണം.
ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിെൻറ മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ നീതി പ്രതീക്ഷിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞ മാതാവ്, ഐ.ജിയെ നീക്കണമെന്നും മേൽനോട്ട ചുമതല വനിത ഐ.പി.എസ് ഉദ്യോഗസ്ഥയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊഴി വിശ്വസിക്കാൻ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് ഐ.ജി യുടെ ഫോൺ സംഭാഷണം പുറത്തുവരുകയും പോക്സോ ഒഴിവാക്കുകയും ചെയ്തതിനെ തുടർന്ന് നൽകിയ അപേക്ഷ പക്ഷേ, സർക്കാർ പരിഗണിച്ചില്ല. വനിത ഐ.പി.എസ് ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തിയെങ്കിലും മേൽനോട്ടം ശ്രീജിത്തിനുതന്നെ നൽകി. പെൺകുട്ടി കള്ളം പറയുകയാണെന്നാണ് ഒടുവിൽ അന്വേഷണ സംഘം ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്. തുടർന്നാണ് അന്വേഷണ സംഘത്തെ മാറ്റാൻ ആക്ഷൻ കമ്മിറ്റി പിന്തുണയോടെ മാതാവ് ഹൈകോടതിയെ സമീപിച്ചത്.
ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ സ്കൂളിെല ശുചിമുറിയിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ പ്രകാരം പാനൂർ പൊലീസ് ചാർജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ ഒഴിവാക്കി.
അടുത്ത ദിവസം പ്രതിക്ക് ജാമ്യവും ലഭിച്ചു. അതിന് പിന്നാലെയാണ് ഐ.ജി ശ്രീജിത്തിെൻറ ഫോൺ സംഭാഷണം പുറത്തുവന്നത്. പത്മരാജെൻറ ജാമ്യം റദ്ദാക്കണമെന്ന മാതാവിെൻറ ആവശ്യം, പെൺകുട്ടി കള്ളം പറയുകയാണെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്ന് ൈഹകോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.