ഫലസ്തീന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ വേണം -അംബാസഡർ

കോഴിക്കോട്: ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ അത്യാവശ്യമാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബ്ദുൽ ഹൈജ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീൻ വിഷയത്തിൽ ലോകരാഷ്ട്രങ്ങൾ ഉണരണം. ജനങ്ങൾക്ക് അവരുടെ അവകാശങ്ങളും 1967ലെ സ്വതന്ത്രരാജ്യവും തിരികെ ലഭിക്കുന്നതിനായി ശബ്ദിക്കണമെന്നും ഹൈജ ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴു മുതൽതന്നെ അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ തങ്ങൾ അഭ്യർഥിച്ചതാണ്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യമാണ് ഇന്ത്യ. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിക്കുകയാണ്. അഞ്ച് കരീബിയൻ രാജ്യങ്ങളും രണ്ടു മാസത്തിനകം ഫലസ്തീനിനെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികളും യുവാക്കളും ഫലസ്തീനിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രതിഷേധവുമായി തെരുവിൽ ഇറങ്ങുന്നത് പ്രതീക്ഷ നൽകുന്നതാണ്.

ഫലസ്തീനികൾ ഒറ്റക്കെട്ട്

ഫലസ്തീനിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. ഈ യുദ്ധം വ്യാപിപ്പിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇസ്രായേലാണ് യുദ്ധം വ്യാപിപ്പിക്കണം എന്നാഗ്രഹിക്കുന്നത്. ആളുകളെ കൊല്ലുക മാത്രമല്ല, മുഴുവൻ ഫലസ്തീനികളെയും മറ്റു രാജ്യങ്ങളിലേക്ക് കുടിയൊഴിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ആക്രമണത്തിൽ ഫലസ്തീനി കുട്ടികളും സ്ത്രീകളും യുവാക്കളുമാണ് കൊല്ലപ്പെടുന്നത്. ആശുപത്രികൾ പരിശോധിച്ചാൽ ഒരു ഇസ്രായേലി പോലും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് കാണാൻ കഴിയില്ല.

ഗസ്സയിലെ ഏഴ് യൂനിവേഴ്സിറ്റികൾ ഇസ്രായേൽ പൂർണമായും തകർത്തു. ഇക്കാരണത്താലാണ് ഫലസ്തീൻ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വർധിപ്പിക്കാൻ ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെട്ടത്. ഇസ്രായേൽ അധിനിവേശത്തിന് എതിരെ ഫലസ്തീനികൾ ഒറ്റക്കെട്ടായാണ് പൊരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തിന് ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങൾ നൽകുന്ന പിന്തുണക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

Tags:    
News Summary - Palestine needs the support of the international community -Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.