ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയിൽ അഞ്ച് വാഹനങ്ങളിൽ കൂടുതൽ നിര വന്നാൽ ടോൾ വാങ്ങാതെ വാഹനങ്ങൾ കടത്തി വിട്ടുതുടങ്ങി. തിങ്കളാഴ്ച രാവിലെ മുതലാണ് ഈ നടപടി തുടങ്ങിയത്. പുതുക്കാട് സ്റ്റേഷനിലെ എ.എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാരെ ടോൾപ്ലാസയിൽ നിയോഗിച്ചിട്ടുണ്ട്. പാലിയേക്കര ടോൾപ്ലാസയിൽ നിയമം ലംഘിച്ച് ടോൾ പിരിവ് നടത്തുന്നുവെന്നാരോപിച്ച് ഞായറാഴ്ച എ.ഐ.വൈ.എഫ്. പ്രവർത്തകർ നടത്തിയ സമരത്തെത്തുടർന്ന് എ.ഡി.എം സി.ആർ. അനന്തകൃഷ്ണൻ, ചാലക്കുടി ഡിവൈ.എസ.്പി പി.എ. ഷാഹുൽ ഹമീദ് എന്നിവർ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പൊലീസ് സാന്നിധ്യത്തിൽ ഗതാഗതം നിയന്ത്രിക്കാനുള്ള തീരുമാനമായത്.
മുൻ ദിവസങ്ങളിൽ വാഹനക്കുരുക്ക് രൂക്ഷമാകുമ്പോൾ അര മണിക്കൂറിലേറെ വരിയിൽ കാത്തുകിടന്നാണ് ടോൾ പ്ലാസ മറികടക്കാൻ സാധിച്ചിരുന്നത്. ആംബുലൻസ് പോലുള്ള അവശ്യസർവിസുകൾ വാഹനക്കുരുക്കിൽപെടുന്നതും പതിവായിരുന്നു. മാസങ്ങൾക്കുമുമ്പ് ദേശീയപാത നന്തിക്കരയിൽ അപകടത്തിൽപെട്ട യുവാവിനെകൊണ്ടുപോയിരുന്ന വാഹനം ടോൾപ്ലാസയിലെ കുരുക്കിൽപെട്ടതിനെത്തുടർന്ന് ചികിത്സ വൈകി യുവാവ് മരിക്കാനിടയായിരുന്നു. പാലിയേക്കര ടോൾപ്ലാസയിലെ ഗതാഗത ക്രമീകരണത്തിൽ വരുത്തേണ്ട മാറ്റം ചർച്ച ചെയ്യുന്നതിന് 17 ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരെൻറ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.