തദ്ദേശ സ്ഥാപനങ്ങളില്‍ അക്കൗണ്ടിങ് സോഫ്റ്റ് വെയര്‍ സ്ഥാപിക്കല്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: ആസ്തിമൂല്യം രേഖപ്പെടുത്തുന്നതിന് വകുപ്പ് നല്‍കിയ നിര്‍ദേശം തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ അവഗണിച്ചു. ഇതോടെ തദ്ദേശ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് സോഫ്റ്റ്വെയര്‍ സ്ഥാപിക്കല്‍ അനിശ്ചിതത്വത്തിലായി. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആസ്തികള്‍ ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ ക്രമീകരണങ്ങള്‍ക്ക് തുടക്കമിട്ടത്. 2012-13 കാലഘട്ടത്തിലായിരുന്നു അതിന്‍െറ ആരംഭം. ‘സാംഖ്യ’ വെബ് ആപ്ളിക്കേഷനിലേക്ക് അക്കൗണ്ടിങ് സോഫ്റ്റ്വെയര്‍ മാറുന്നതിന്‍െറ ഭാഗമായാണ് പഞ്ചായത്തുകളുടെ ആസ്തി, സചിത്ര സോഫറ്റ്വെയറില്‍ ഉള്‍പ്പെടുത്തി അവയുടെ മൂല്യം നിശ്ചയിക്കാന്‍ നിര്‍ദേശം നല്‍കിയത്. അപ്രകാരം കണക്കാക്കുന്ന മൂല്യം സാംഖ്യ സോഫ്റ്റ്വെയറില്‍ ചേര്‍ത്ത് സാംഖ്യ-സചിത്ര സോഫ്റ്റ്വെയര്‍ ക്രമീകരിക്കണമെന്നായിരുന്നു നിര്‍ദേശം. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് വകുപ്പ് ആവശ്യം മുന്നോട്ടുവെച്ചത്.

അക്കൗണ്ടിങ് സംവിധാനം ഡബിള്‍ എന്‍ട്രി അക്കൗണ്ടിങ്ങിലേക്ക് മാറുന്നതിന് ഇത് അത്യാവശ്യമാണ്. അതിന്‍െറ അടിസ്ഥാനത്തില്‍ ആസ്തികള്‍ ഡിജിറ്റലൈസ് ചെയ്തെങ്കിലും ആസ്തികളുടെ മൂല്യനിര്‍ണയം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ 2016 ഡിസംബര്‍ 15നകം ഇത് പൂര്‍ത്തിയാക്കണമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമീഷണര്‍, ജില്ല പഞ്ചായത്ത്-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ക്ക് തദ്ദേശഭരണ വകുപ്പ് ജോയന്‍റ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആസ്തി മൂല്യനിര്‍ണയം ഇതുവരെ പൂര്‍ത്തിയാക്കാത്തത് ഖേദകരമെന്നും ഉത്തരവില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (ഐ.കെ.എം). അക്കൗണ്ടിങ് സോഫ്റ്റ്വെയറായ സാംഖ്യ സ്ഥാപിക്കുന്നതിന്‍െറ ചുമതലയും ഐ.കെ.എമ്മിനുതന്നെയാണ്. ഇവരുടെ സഹായത്തിനും നിരീക്ഷണത്തിനും ജില്ല തലത്തില്‍ സാംഖ്യ സപ്പോര്‍ട്ട് സെല്ലും പഞ്ചായത്ത് തലത്തില്‍ അസിസ്റ്റന്‍റ് സെക്രട്ടറിയും സേവനം നല്‍കും. ആസ്തികളുടെ മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ 30 ദിവസത്തില്‍ കൂടാത്ത ദിവസത്തേക്ക് ഒരാളെ ഒരു എന്‍ട്രിക്ക് അഞ്ചുരൂപ നിരക്കില്‍  നിയമിക്കാമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂല്യനിര്‍ണയം നടത്തുമ്പോള്‍ സംരക്ഷണഭിത്തി, കലുങ്ക്, മതില്‍ എന്നിവയുടെ കാര്യത്തില്‍ ഭൂമി സംരക്ഷിക്കാനാണെങ്കില്‍ ആസ്തി ഭൂമിയായും റോഡ് സംരക്ഷണമാണെങ്കില്‍ ആസ്തി റോഡായും ചേര്‍ക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുളം, കനാല്‍, റാമ്പ്, കിണര്‍ എന്നിവയും ഇപ്രകാരം ഉള്‍പ്പെടുത്തണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    
News Summary - panchayat department software

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.