കോഴിക്കോട്: നഗരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി അറസ്റ്റിൽ. മൂരിയാട് സ്വദേശി പുത്തൻപീടിയേക്കൽ ഷബീറിനെയാണ് (45) കോഴിക്കോട് സി ബ്രാഞ്ച് വയനാട്ടിൽ നിന്ന് അറസ്റ്റുചെയ്തത്.
ഇയാളടക്കം നാലുപ്രതികൾ ഒരുവർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു. ബേപ്പൂർ സ്വദേശി പാണ്ടികശാലക്കണ്ടി ദാറുസ്സലാം വീട്ടിൽ പി. അബ്ദുൽ ഗഫൂർ (46), പൊറ്റമ്മൽ സ്വദേശി മാട്ടായി പറമ്പ് ഹരികൃഷ്ണയിൽ എം.ജി. കൃഷ്ണപ്രസാദ് (34), പിന്നീട് കേസിൽ പ്രതിചേർത്ത മലപ്പുറം വാരങ്ങോട് സ്വദേശി നിയാസ് കുട്ടശ്ശേരി (40) എന്നിവരാണ് ഇനി പിടിയിലാവാനുള്ളത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ള പ്രതികൾ ഒളിവിലിരുന്ന് പലതവണ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
കേസിലെ മുഖ്യസൂത്രധാരനായ ഷബീറിനെ വെള്ളിയാഴ്ച രാത്രി വയനാട്, പൊഴുതന-കുറിച്യാർമല റോഡ് ജങ്ഷനിൽ നിന്നാണ് പിടികൂടിയത്. പൊഴുതനയിൽ നിർമിക്കുന്ന റിസോർട്ട് സന്ദർശിക്കാൻ ഷബീർ എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നേരത്തെ ഇവിടം നിരീക്ഷണത്തിലാക്കിയിരുന്നു. ഷമീർ എന്ന പേരിലാണ് ഇയാൾ വയനാട്ടിൽ എത്തിയിരുന്നത്.
2021 ജൂലൈ ഒന്നിനാണ് സിറ്റി പൊലീസ് മേധാവി ഓഫിസിന്റെ കാൽകിലോമീറ്റർ ചുറ്റളവിലുൾപ്പെടെ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ഇവിടങ്ങളിൽ നിന്ന് സിം ബോക്സ് അടക്കം ഉപകരണങ്ങളും നൂറുകണക്കിന് സിം കാർഡുകളുമാണ് കണ്ടെത്തിയത്.
പരിശോധനക്കിടെ ഇവിടത്തെ ജീവനക്കാരൻ കൊളത്തറ സ്വദേശി ജുറൈസിനെയാണ് ആദ്യം അറസ്റ്റുചെയ്തത്.
പിന്നീട് സമാന കേസിൽ ബംഗളൂരുവിൽ പിടിയിലായ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയും കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങൾക്കായാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉപയോഗിക്കുന്നതെന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ വന്നതായും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എക്സ്ചേഞ്ചുകൾ സ്ഥാപിച്ച സംഘം സർക്കാർ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് ടെലികമ്യൂണിക്കേഷൻ വിഭാഗം കണ്ടെത്തിയത്.
രജിസ്ട്രേഷൻ ഇനത്തിൽ മാത്രം രണ്ടരക്കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. പ്രതികൾക്കെതിരെ കസബ സ്റ്റേഷനിൽ അഞ്ചും നല്ലളം സ്റ്റേഷനിൽ ഒന്നും ഉൾപ്പെടെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും അന്വേഷണ സംഘം നടപടി തുടങ്ങിയിരുന്നു.
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയതായി സിറ്റി പൊലീസ് മേധാവി എ. അക്ബർ പറഞ്ഞു. ഐ.ടി ആക്ടിലെ വിവിധ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ്. ഇക്കാര്യങ്ങൾ റിപ്പോർട്ടാക്കി ഡി.ജി.പി മുഖേന സർക്കാറിന് കൈമാറും. റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് കൈമാറിയാൽ ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടാവും. നേരത്തേ തന്നെ കേസിന്റെ വിവരങ്ങൾ കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.