കൊച്ചി: തൃപ്പൂണിത്തുറ കണ്ടനാട് പ്രവർത്തിക്കുന്ന യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും കൊടും പീഡനങ്ങളും. ഇതരമതസ്ഥരെ വിവാഹം ചെയ്ത യുവതികൾ ഹിന്ദുമതത്തിലേക്ക് മടങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. എതിർക്കുന്നവരെ 15ഒാളം പേർ ചേർന്ന് കെട്ടിയിട്ട് മർദിക്കും. ഹിന്ദു മതത്തിലേക്ക് മടങ്ങാൻ സമ്മതിക്കുന്നവർക്ക് മാത്രം ഇവിടെനിന്ന് രക്ഷപ്പെടാം. ആതിര ഹിന്ദുമതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതും ഭീഷണി ഭയന്നാണ്. ഇതര മതസ്ഥനെ വിവാഹം കഴിച്ചതിെൻറ പേരിൽ 22 ദിവസത്തെ ദുരിത ജീവിതത്തിന് ശേഷം യോഗ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട വനിത ആയുർവേദ ഡോക്ടർ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ:
ജൂലൈ 31നാണ് മാതാപിതാക്കൾ എന്നെ അവിടെ എത്തിച്ചത്. ലുലു മാളിലേക്കാണെന്ന് ആദ്യം പറഞ്ഞു. പിന്നീട് ചേച്ചിക്ക് യോഗ പഠിക്കണമെന്ന് പറഞ്ഞാണ് എന്നെയും അവിടേക്ക് കൊണ്ടുപോയത്. ആദ്യം കൗൺസലിങ്ങായിരുന്നു. ക്രിസ്ത്യാനിയായ ഭർത്താവ് ഹിന്ദുമതം സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. ഞങ്ങൾക്കുണ്ടാകുന്ന കുട്ടി ക്രിസ്ത്യാനിയായി വളരുന്നതിൽ എനിക്ക് എതിർപ്പില്ലെന്ന് പറഞ്ഞപ്പോൾ അത് സമ്മതിക്കില്ലെന്നായിരുന്നു കേന്ദ്രത്തിെൻറ നടത്തിപ്പുകാരനായ മനോജ് ഗുരുജിയുടെ മറുപടി. ഇരുവരും ഒരുമിച്ച് താമസിക്കാനാണ് തീരുമാനമെങ്കിൽ അവനെ ഞങ്ങൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നല്ലൊരു ഹിന്ദു പയ്യനെ കണ്ടുപിടിച്ചുതരാമെന്നും പറഞ്ഞു. ഞാൻ ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും വാതിലുകളെല്ലാം പൂട്ടിയിരിക്കുകയായിരുന്നു. ബഹളം വെച്ചപ്പോൾ എെൻറ കൈകാലുകൾ ഷാൾ ഉപയോഗിച്ച് കെട്ടി. വസ്ത്രം വലിച്ചുകീറി. അടുത്തുള്ള ഹാളിലേക്ക് കൊണ്ടുപോയി 15 പേരോളം ചേർന്ന് എന്നെ അടിക്കാൻ തുടങ്ങി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെച്ചു. എന്നോട് ഡാൻസ് ചെയ്യാൻ പറഞ്ഞു. ക്രൂരമായ റാഗിങ് പോലെയായിരുന്നു ഇത്. ഇൗ സമയം മറ്റ് 65 പേരെയും വേറൊരു മുറിയിൽ ആക്കിയിരുന്നു.
പിന്നീട് എല്ലാവർക്കുമായുള്ള ക്ലാസായിരുന്നു. ഖുർആനിലെയും ബൈബിളിലെയും ചില ഭാഗങ്ങൾ പ്രത്യേകം അടയാളമിട്ടുവെച്ചിട്ടുണ്ട്. അത് എടുത്തുപറഞ്ഞാണ് ഇരു മതങ്ങളും മോശമാണെന്ന് പഠിപ്പിക്കുന്നത്. അതിനപ്പുറവും ഇപ്പുറവുമുള്ള കാര്യങ്ങളൊന്നും ക്ലാസിൽ വായിക്കില്ല. ഞാൻ എത്തിയ ദിവസം തന്നെയാണ് ഇസ്ലാംമതം സ്വീകരിച്ച കാസർകോട് ഉദുമ സ്വദേശി ആതിരയും അവിടെ വന്നത്. അവൾ ധരിച്ചിരുന്ന തട്ടം ബലമായി അഴിപ്പിച്ചു. പിന്നീട് തട്ടം തൊടാൻ അനുവദിച്ചിട്ടില്ല. താൽപര്യമില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് അവളെ കുറി തൊടീച്ചു. കൗൺസലിങ് നടത്തുന്നതും യോഗ പഠിപ്പിക്കുന്നതുമൊന്നും പരിശീലനം നേടിയവരല്ല. പാചകവും ശുചീകരണവുമെല്ലാം അന്തേവാസികൾ ചെയ്യണം. ഒാരോ നേരവും രണ്ടുപേർക്ക് വീതമാണ് ഡ്യൂട്ടി. പീഡനം ഭയന്ന് ആരും എതിർക്കില്ല. മറ്റ് 65 പേരും ഇതര മതസ്ഥരെ വിവാഹം കഴിക്കുകയോ ഹിന്ദു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറുകയോ ചെയ്തതിെൻറ പേരിൽ വീട്ടുകാർ വഴി ഇവിടെയെത്തിയവരാണ്. ഇത്തരക്കാരുടെ രക്ഷിതാക്കളെ കണ്ടെത്തി കുട്ടിയെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന് സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജി ഉറപ്പുനൽകും. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പലരും കോളജ് പഠനം ഉപേക്ഷിച്ചാണ് ഇവിടെയെത്തിയത്. പഠിപ്പ് മുടങ്ങിയാലും കുട്ടിയെ നേർവഴിക്ക് കൊണ്ടുവരാമെന്ന മനോജിെൻറ ഉറപ്പിൽ രക്ഷിതാക്കൾ വീഴുകയാണ്.
ആശ്രമമാണെന്നാണ് അവരെ ധരിപ്പിച്ചിരിക്കുന്നത്. ഒരുവർഷമായി പീഡനങ്ങൾ സഹിച്ച് കഴിയുന്നവർ വരെ ഇവിടെയുണ്ട്. ആർക്കും പരസ്പരം അധികം സംസാരിക്കാൻ പോലും അനുവാദമില്ല. ഉറങ്ങാൻ കിടക്കുേമ്പാൾ പുതപ്പിനടിയിലൂടെയാണ് ചിലർ തങ്ങളുടെ കഷ്ടപ്പാടുകൾ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞത്. ഫോൺ ആദ്യമേതന്നെ വാങ്ങിവെക്കും. അത്യാവശ്യമെങ്കിൽ വല്ലപ്പോഴും അവർ നൽകുന്ന ഫോണിൽനിന്ന് വീട്ടുകാരോട് സംസാരിക്കാം. സംഭാഷണം റെക്കോർഡ് ചെയ്യും. ഹിന്ദുമതത്തിലേക്ക് മടങ്ങാമെന്ന് സമ്മതിക്കുന്നവർക്ക് മാത്രമേ ഇവിടെനിന്ന് രക്ഷപ്പെടാനാകൂ. അങ്ങനെ സമ്മതിച്ചതുകൊണ്ടാണ് ആതിരയടക്കം ചിലർക്ക് പുറത്തുപോകാൻ കഴിഞ്ഞത്. ഞാനും എെൻറ ഭർത്താവും സ്ഥാപനത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പുതിയ ആരോപണം. ഞങ്ങൾക്ക് ഒരിക്കലും അതിെൻറ ആവശ്യമില്ല. അവിടെ കഴിയുന്ന മറ്റ് പെൺകുട്ടികളുടെ ദുരവസ്ഥ പുറംലോകം അറിയണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ.
ഘർവാപ്പസി കേന്ദ്രം: ഒരാൾ അറസ്റ്റിൽ
തൃപ്പൂണിത്തുറ: ഇതരമതസ്ഥനെ വിവാഹം ചെയ്തതിെൻറ പേരിൽ വനിത ആയുർവേദ ഡോക്ടർക്ക് കൊടും പീഡനം നേരിടേണ്ടിവന്ന യോഗ കേന്ദ്രത്തിൽനിന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ കണ്ടനാെട്ട യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിെൻറ (ഘർവാപ്പസി കേന്ദ്രം) നടത്തിപ്പുകാരൻ മനോജ് ഗുരുജിയുടെ പ്രധാന സഹായിയും സ്ഥാപനത്തിലെ പ്രധാനികളിൽ ഒരാളുമായ ശ്രീജേഷിനെയാണ് അന്വേഷണസംഘം കേന്ദ്രത്തിൽനിന്ന് പിടികൂടിയത്.
ഹൈകോടതി അഭിഭാഷകൻ എന്ന് പരിചയപ്പെടുത്തി ഭീഷണിക്ക് നേതൃത്വം കൊടുത്തിരുന്നയാളാണ് ശ്രീജേഷ്. അതേസമയം, സംഭവം വാർത്തയായതോടെ മനോജ് ഗുരുജി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകളെല്ലാം ചേർത്താണ് പൊലീസ് കേെസടുത്തിരിക്കുന്നത്. അതേസമയം, കേന്ദ്രം അടച്ചുപൂട്ടാൻ ഉദയംപേരൂർ പഞ്ചായത്ത് നോട്ടീസ് പുറപ്പെടുവിച്ചു. ഉദയംപേരൂർ കണ്ടനാട് പള്ളിക്കു സമീപം പ്രവർത്തിക്കുന്ന സ്ഥാപനം നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അടച്ചുപൂട്ടാൻ തിങ്കളാഴ്ച നോട്ടീസ് നൽകിയതായി ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡൻറ് ജോൺ ജേക്കബ് അറിയിച്ചു. കമേഴ്സ്യൽ വിഭാഗത്തിൽ പ്രവർത്തിക്കാൻമാത്രം അനുവാദമുള്ള യോഗ സെൻററിൽ 45 ഓളം അന്തേവാസികൾ താമസിക്കുന്നതായാണ് വിവരം. ഇത്രയും ആളുകൾക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങളോ ആരോഗ്യ വകുപ്പിെൻറയും പഞ്ചായത്തിെൻറയും നിയമപരമായ അനുമതിപത്രമോ കൂടാതെയാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേന്ദ്രത്തിെൻറ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇവിടെ പീഡനത്തിനിരയായ വനിത ഡോക്ടർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം.
കേന്ദ്രത്തിലുണ്ടായിരുന്ന അന്തേവാസികളെ ബന്ധുക്കൾക്കൊപ്പമയക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്തതിന് വീട്ടുകാർ യോഗകേന്ദ്രത്തിലെത്തിച്ച വനിത ഡോക്ടറെ 22 ദിവസം ഇവിടെ തടങ്കലിൽ പാർപ്പിച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. കേന്ദ്രം അടച്ചുപൂട്ടണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഉദയംപേരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ സെൻററിലേക്ക് തിങ്കളാഴ്ച രാവിലെ പ്രതിഷേധമാർച്ച് നടത്തി. തിങ്കളാഴ്ച രാവിലെ യോഗ സെൻററിലെത്തിയ വനിത സി.െഎയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേന്ദ്രത്തിലുണ്ടായിരുന്ന 23 വനിതകളിൽനിന്ന് മൊഴിയെടുത്തു. തൃക്കാക്കര അസി. കമീഷണറും സ്ഥലം സന്ദർശിച്ചു. സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.
വിവാദ യോഗ കേന്ദ്രം പൂട്ടാൻ നോട്ടീസ്
തൃപ്പൂണിത്തുറ: ഇതര മതസ്ഥനെ വിവാഹം ചെയ്തതിെൻറ പേരിൽ വനിത ആയുർവേദ ഡോക്ടർക്ക് കൊടും പീഡനം നേരിടേണ്ടിവന്ന യോഗ കേന്ദ്രം പൂട്ടാൻ പഞ്ചായത്തിെൻറ നോട്ടീസ്. കണ്ടനാെട്ട യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനാണ് ഉദയംപേരൂർ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയത്. കണ്ടനാട് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന സ്ഥാപനം നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അടച്ചു പൂട്ടാൻ തിങ്കളാഴ്ച നോട്ടീസ് നൽകിയതായി ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡൻറ് ജോൺ ജേക്കബ് അറിയിച്ചു.
േകാമേഴ്സ്യൽ വിഭാഗത്തിൽ മാത്രം പ്രവർത്തിക്കാൻ അനുവാദമുള്ള യോഗ സെൻററിൽ 45 ഓളം അന്തേവാസികൾ താമസിക്കുന്നതായാണ് വിവരം. ഇത്രയും ആളുകൾക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങളോ ആരോഗ്യവകുപ്പിെൻറയും, പഞ്ചായത്തിെൻറയും നിയമപരമായ അനുമതിപത്രമോ ഇല്ലാതെയാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേന്ദ്രത്തിെൻറ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വനിത ഡോക്ടർ നൽകിയ പരാതിയിൽ ആറ് പേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്തതിന് വീട്ടുകാർ യോഗകേന്ദ്രത്തിലെത്തിച്ച വനിത ഡോക്ടറെ 22 ദിവസം ഇവിടെ തടങ്കലിൽ പാർപ്പിച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. കേന്ദ്രം അടച്ചുപൂട്ടണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഉദയംപേരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ സെൻററിലേക്ക് തിങ്കളാഴ്ച രാവിലെ പ്രതിഷേധമാർച്ച് നടത്തി. തിങ്കളാഴ്ച രാവിലെ യോഗ സെൻററിലെത്തിയ വനിത സി.െഎയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേന്ദ്രത്തിലുണ്ടായിരുന്ന 23 വനിതകളിൽനിന്ന് മൊഴിയെടുത്തു. അന്തേവാസികളെ വീട്ടുകാർക്കൊപ്പം വിട്ടയക്കാൻ തീരുമാനിച്ചു. തൃക്കാക്കര അസി. കമീഷണറും സ്ഥലം സന്ദർശിച്ചു. സ്ഥാപന നടത്തിപ്പുകാരനായ മനോജ് ഗുരുജി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.