വിഴിഞ്ഞം: ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ നൽകിയ ഉറപ്പ് വിശ്വാസത്തിലെടുത്തതോടെ ലത്തീൻ അതിരൂപതയുടെ തീരുമാനം പിന്തള്ളി വിഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ കപ്പലിന്‍റെ സ്വീകരണ ഉദ്ഘാടന ചടങ്ങിൽ ഇടവകയും കൈകോർക്കും. സർക്കാർ സമീപനം മാറിയാൽ തങ്ങളുടെ സമീപനവും മാറുമെന്ന മുന്നറിയിപ്പോടെയാണ് വിഴിഞ്ഞം ഇടവക ഉദ്ഘാടനത്തിന് സഹകരിക്കാൻ തീരുമാനിച്ചത്.
ഇതോടെ ഉദ്ഘാടന ദിവസം ആഹ്വാനം നൽകിയ കരദിനാചരണത്തിൽനിന്ന് ഇടവക പിന്മാറി. വെള്ളിയാഴ്ച രാത്രി വിഴിഞ്ഞം പള്ളി മേടയിൽ നടന്ന ഇടവക അംഗങ്ങളുടെ യോഗത്തിന് ശേഷമാണ് ഇടവക വികാരി ഫാ. നിക്കോളാസ് ഇത് വ്യക്തമാക്കിയത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിപക്ഷവും മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ അംഗീകരിച്ചതായും സമയബന്ധിതമായി കാര്യങ്ങൾ നടപ്പിലാക്കുമെന്ന് ഉറപ്പുനൽകിയതായും ഇടവക വികാരി മാധ്യമങ്ങളോട് പറഞ്ഞു.
കടലിനും തീരജനതക്കും വലിയ ആഘാതമേൽപിച്ചാണ് വിഴിഞ്ഞം പദ്ധതി വരുന്നതെന്നും കപ്പലിന് ലക്ഷങ്ങൾ ചെലവിട്ട് സ്വീകരണം ഒരുക്കുന്നതിലൂടെ സർക്കാർ നാടകം കളിക്കുകയാണെന്നും മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞിരുന്നു. തുടർന്ന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ലത്തീൻ ഇടവക പ്രതിനിധികളുമായി ചർച്ച നടത്തുകയും കട്ടമര തൊഴിലാളികൾക്ക് 2.22 കോടി രൂപ നഷ്ടപരിഹാരത്തിന് ഉത്തരവാവുകയും ചെയ്തു. ഉപജീവനം നഷ്ടപ്പെട്ട 53 കട്ടമര തൊഴിലാളികൾക്ക് 4.20 ലക്ഷം വെച്ചാണ് തുക അനുവദിച്ചത്. ബാക്കിയുള്ള 49 പേരുടെ കാര്യത്തിലും പുനഃപരിശോധന ഉണ്ടാകുമെന്നും ഉറപ്പും നൽകി. കരമടി അനുബന്ധ തൊഴിലാളികളായ 11 വനിത മത്സ്യത്തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ വീതവും പുലിമുട്ട് നിർമാണത്തെ തുടർന്ന് മത്സ്യബന്ധന വള്ളങ്ങൾ അധികം സഞ്ചരിക്കാൻ വേണ്ടി വരുന്ന മണ്ണെണ്ണ ഇനത്തിൽ 322 പേർക്ക് 4,56,63000 രൂപയും അനുവദിച്ചു. പദ്ധതി പ്രദേശത്തെ ഭവനരഹിതർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാൻ നടപടി സ്വീകരിക്കും. ജലക്ഷാമം നേരിടുന്ന മേഖലയിൽ കുടിവെള്ളത്തിന് 400 കണക്ഷൻ ഇടവക ആവശ്യപ്പെട്ടിരുന്നു. ഇതിൽ ആവശ്യമായ നടപടി സ്വീകരിക്കും തുടങ്ങിയ ഉറപ്പുകൾ ലഭിച്ചതോടെയാണ് ഇടവക നിലപാട് തിരുത്തിയത്.
തുറമുഖ മേഖലയിലെ കുരിശും കുരിശടിയും മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ മന്ത്രി നേരിട്ടെത്തി സ്ഥലം സന്ദർശിച്ച് തീരുമാനം എടുക്കമെന്നും അറിയിച്ചതായി ഇടവക വികാരി പറഞ്ഞു. ഉദ്ഘാടനവുമായി സഹകരിക്കില്ലെന്നും ഉദ്ഘാടനം പ്രഹസനമാണെന്നുമുള്ള ലത്തീൻ അതിരൂപതയുടെ നിലപാടിനെകുറിച്ച് അറിയില്ലെന്നും വിഴിഞ്ഞം ഇടവകയുടെ തീരുമാനപ്രകാരമാണ് സർക്കാറിന്റെ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും ഫാ. നിക്കോളാസ് പറഞ്ഞു.
തൊഴിലാളികള്‍ക്ക് 2.2 കോടി നഷ്ടപരിഹാരം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനോപാധി നഷ്ടപരിഹാരത്തിന് അര്‍ഹരായ 53 കട്ടമരത്തൊഴിലാളികൾക്ക് 4.2 ലക്ഷം രൂപ വീതം 2.2 കോടി രൂപ അനുവദിച്ചതായി ഫിഷറീസ് മന്ത്രി സജി ചെറിയാന് അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയിലുള്ള അപ്പീല്‍ കമ്മിറ്റി നഷ്ടപരിഹാരത്തിന് അർഹരാണെന്ന് കണ്ടെത്തിയവർക്കാണ് തുക അനുവദിച്ചത്. 82,440 രൂപ വീതമാണ് ആദ്യം വിലയിരുത്തിയത്. മഹാത്മാഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗാരന്റി സ്കീമിന്റെ ദിനബത്തയായ 333 രൂപ അടിസ്ഥാനമാക്കി പ്രതിവർഷം 180 തൊഴിൽദിനങ്ങൾ എന്ന രീതിയിൽ ബ്രേക്ക് വാട്ടർ നിർമാണം നീണ്ടുപോയ ഏഴ് വർഷത്തേക്കുള്ള നഷ്ടപരിഹാരമാണ് അനുവദിച്ചത്.
മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ലത്തീൻ ഇടവക പ്രതിനിധികളുമായി മന്ത്രി സജി ചെറിയാന് ചര്‍ച്ച നടത്തി. നഷ്ടപരിഹാരത്തിന് അര്‍ഹരായവർ ഇനിയുമുണ്ടെന്ന പരാതി കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിക്കും. കരമടി അനുബന്ധ തൊഴിലാളികളുടെ നഷ്ടപരിഹാരം ലഭ്യമാക്കാനായി ഇടപെടും. സൗജന്യ മണ്ണെണ്ണയുടെ കാലാവധി നീട്ടല്‍, പാര്‍പ്പിടനിര്‍മാണത്തിന് ലൈഫില്‍ പ്രത്യേക മുന്‍ഗണന, കുടിവെള്ള കണക്ഷന് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും തീരുമാനമായി. വിഴിഞ്ഞം ഫിഷ് ലാൻഡിങ് സെന്ററിന്റെ നവീകരണം സംബന്ധിച്ച രൂപരേഖ ഒക്ടോബറില്‍ സമര്‍പ്പിക്കും. വിഴിഞ്ഞത്ത് 10 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനായി സ്ഥലം സര്‍ക്കാറിന് കൈമാറുമെന്ന് ലത്തീന്‍ ഇടവക പ്രതിനിധികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.