കൊച്ചി: പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽനിന്ന് നിലവിലെ എം.പി. മുഹമ്മദ് ഫൈസൽതന്നെ സ്ഥാനാർഥിയാകും. കവരത്തിയിൽ നടന്ന എൻ.സി.പി ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തുവെന്ന് ലക്ഷദ്വീപ് പ്രസിഡൻറ് അബ്ദുൽ മുത്തലിഫ് പറഞ്ഞു.
മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ. കുഞ്ഞിക്കോയ തങ്ങളാണ് പേര് നിർദേശിച്ചത്. ഐകകണ്ഠ്യേന യോഗം ഇത് അംഗീകരിച്ചു. തീരുമാനം ദേശീയ കമ്മിറ്റിയെ അറിയിക്കുമെന്നും അവിടെനിന്ന് പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവരത്തിയിൽ 24, 25 തീയതികളിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിന്‍റെ പ്രവർത്തനങ്ങളും പാർട്ടിയുടെ നിയമപോരാട്ടങ്ങൾ സംബന്ധിച്ചും ചർച്ചകൾ നടന്നു. നിലവിലെ ലക്ഷദ്വീപ് എം.പിയായ ഫൈസൽ രണ്ടുതവണ അയോഗ്യനാക്കപ്പെട്ടിരുന്നു. കേരള ഹൈകോടതി വിധിയെത്തുടർന്ന് അയോഗ്യനാക്കിയത് ലോക്സഭ സെക്രട്ടേറിയറ്റ് നവംബർ രണ്ടിന് പിൻവലിച്ചിരുന്നു. ഒക്ടോബർ നാലിനാണ് രണ്ടാമതും അയോഗ്യനാക്കിയത്.
ജനുവരി 11നാണ് ആദ്യം അയോഗ്യത കൽപിച്ചത്. വധശ്രമക്കേസിൽ 10 വർഷം തടവും ലക്ഷം രൂപ പിഴയും കവരത്തി കോടതി ശിക്ഷ വിധിച്ചതിനെത്തുടർന്നായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.