പത്തനംതിട്ടയിൽ അറസ്റ്റിലായ മന്ത്രവാദിനി ശോഭനയുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട: മലയാലപ്പുഴ പൊതീപ്പാട് വാസന്തിയമ്മ മഠത്തിൽ നിന്ന് അറസ്റ്റിലായ മന്ത്രവാദിനി ശോഭനയുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്. യുവതിയെ ബാധയൊഴിപ്പിക്കാനെന്ന പേരിൽ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

യുവതിക്ക് ബാധയുണ്ടെന്ന് സംശയിച്ച് വീട്ടുകാർ ശോഭനയുടെ അടുത്ത് എത്തുകയായിരുന്നു. പിന്നീടാണ് 'സത്യം പറയടീ' എന്ന് അലറിക്കൊണ്ട് ശോഭനയുടെ മർദനം ആരംഭിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് ഒന്നരമിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പകർത്തിയത്.

ബാധയുണ്ടെന്ന പേരിൽ യുവതിയെ നെഞ്ചിൽ ചവിട്ടിയും വടികൊണ്ട് അടിച്ചും ക്രൂരമായി ഉപദ്രവിക്കുന്നത് ദ്യശ്യത്തിൽ വ്യക്തമാണ്. ദിവസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുകൂടാതെ, കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിൽ ശോഭനയുടെ വാസന്തിയമ്മ മഠത്തിലേക്ക് യുവജനസംഘടനകൾ പ്രതിഷേധവുമായെത്തിയിരുന്നു. ഇവിടെ കുട്ടികളെ ഉപയോഗിച്ചടക്കം ദുർമന്ത്രവാദം നടത്തുന്നുവെന്ന് നാട്ടുകാർ നേരത്തെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. പ്രതിഷേധത്തെ തുടർന്ന് ശോഭനയെ പൊലീസ് അറസ്റ്റ് ചെയ്യുകയും വാസന്തിയമ്മ മഠം പൂട്ടുകയും ചെയ്തിരുന്നു.  

Tags:    
News Summary - pathanamthitta black magic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.