പാലക്കാട്: അത്യാവശ്യ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ ജില്ല ആശുപത്രിയിലെത്തുന്ന രോഗികൾ ദുരിതത്തിൽ. ഇ.എൻ.ടി ഡോക്ടർമാർ കുറിച്ചുതരുന്ന പല മരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിയാത്ത സാധാരണക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. അവശ്യമരുന്നുകൾപോലും ജില്ല ആശുപത്രിയിൽ ലഭ്യമല്ല. മരുന്ന് സ്റ്റോക്കില്ലെന്ന് കാണിച്ച് ജീവനക്കാർ മടക്കിയക്കുന്ന രോഗികൾക്ക് സ്വകാര്യ ഫാർമസികളെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല. ഇ.എൻ.ടി രോഗികൾക്കുള്ള മരുന്ന് തീർന്നിട്ട് ദിവസങ്ങളായെന്നാണ് അധികൃതർ പറയുന്നത്. സ്വകാര്യ ഫാർമസികളെ സഹായിക്കാൻ മരുന്നില്ലെന്ന് പറഞ്ഞു കബളിപ്പിക്കുകയാണെന്ന് രോഗികൾ ആരോപിക്കുന്നു. എന്നാൽ, ആശുപത്രികളിൽ ഇ.എൻ.ടി മരുന്നുകൾ സ്റ്റോക്കില്ലാത്തതാണെന്നും പർച്ചേസ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഓരോ സാമ്പത്തിക വർഷത്തേക്കുമുള്ള മരുന്നുകൾ ഒരുമിച്ചാണ് വാങ്ങുന്നത്. ഈ വർഷം രോഗികളുടെ എണ്ണത്തിലുള്ള വർധനവ് കാരണമാണ് മരുന്നുകൾ കഴിഞ്ഞതെന്നും രണ്ടാമത്തെ പർച്ചേസിന് ഓർഡർ നൽകിയിട്ടുണ്ടെന്നും ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഷാബിറ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.