ഫണ്ട് വിവാദത്തിനിടെ പയ്യന്നൂരിൽ പാർട്ടി വേദിയിൽ ഇരുപക്ഷവും മുഖാമുഖം

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദം മുറുകുന്നതിനിടെ നടപടിക്ക് വിധേയരായ ഇരുപക്ഷത്തിലുള്ളവരും പാർട്ടിവേദിയിൽ മുഖാമുഖം. ടി.ഐ. മധുസൂദനൻ എം.എൽ.എയും മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമാണ് സി.പി.എം വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിന് പതാക ഉയർത്തി മധുസൂദനൻ വേദിയിലെത്തിയപ്പോൾ കുഞ്ഞികൃഷ്ണൻ വെറും കാഴ്ചക്കാരനായി സദസ്സിലായിരുന്നു.

പയ്യന്നൂരിൽ മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം നഷ്ടമായി എന്ന് തെളിവ് സഹിതമുള്ള പരാതി പാർട്ടിയിൽ ആദ്യമായി ഉന്നയിച്ചത് കുഞ്ഞികൃഷ്ണനായിരുന്നു. ഇതിലാണ് ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്ന മധുസൂദനനെ ജില്ല കമ്മിറ്റിയിലേക്ക് പാർട്ടി തരംതാഴ്ത്തിയത്. എന്നാൽ, പരാതി ഉന്നയിച്ച കുഞ്ഞികൃഷ്ണനെ വിഭാഗീയത പ്രവർത്തനം ആരോപിച്ച് പാർട്ടി ഏരിയ സെക്രട്ടറി സ്ഥാനത്ത് നീക്കം ചെയ്തു. പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തനം നിർത്താനൊരുങ്ങിയ കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ ജില്ല നേതൃത്വം നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്ന സ്ഥിതിയുമായി. ഇതിനിടയിലാണ് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പങ്കെടുക്കുന്ന വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചടങ്ങിലേക്ക് ഇരുവർക്കും പാർട്ടി ക്ഷണമുണ്ടായത്. ക്ഷണം ഇദ്ദേഹം സ്വീകരിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ടായിരുന്നു.

ബ്രാഞ്ച് കമ്മിറ്റി ഓഫിസ് നിർമാണം പൂർത്തിയായത് കുഞ്ഞികൃഷ്ണൻ ഏരിയ സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു. അദ്ദേഹത്തിന്റെ വീടിനടുത്താണ് ഈ പാർട്ടി ഓഫിസ്. ദേശീയപാത വികസനത്തിനായി ഓഫിസ് കെട്ടിടവും സ്ഥലവും വിട്ടുകൊടുക്കേണ്ടി വന്നതിനാലാണ് സ്ഥലം വാങ്ങി പുതിയ ഓഫിസ് പണിതത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം കുഞ്ഞികൃഷ്ണനായിരുന്നു ചുക്കാൻ പിടിച്ചത്. അദ്ദേഹത്തിന്റെ അഭാവം ഉദ്ഘാടനച്ചടങ്ങിൽ ആളുകൾ കുറയാൻ കാരണമാകുമെന്ന ആശങ്കയും ജില്ല നേതൃത്വത്തിനുണ്ടായിരുന്നു. ഇതിനിടയിലാണ് പാർട്ടി ക്ഷണം സ്വീകരിച്ച് അദ്ദേഹം ചടങ്ങിലെത്തിയത്. ഇത് നേതൃത്വവുമായി അദ്ദേഹം നേരിട്ടൊരു പോരിനില്ലെന്നും ഒത്തുതീർപ്പ് സാധ്യത ബാക്കിവെക്കുന്നുണ്ടെന്നുമുള്ള സൂചനയുമാണ് നൽകുന്നത്. 

Tags:    
News Summary - Payyannur CPM fund controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.