കൊച്ചി: തന്നെ കുടുക്കാൻ ശ്രമം തുടങ്ങിപ്പോൾ മുതൽ പിണറായി വിജയന്റെ കൗണ്ട്ഡൗൺ ആരംഭിച്ചെന്ന് പി.സി. ജോർജ്. തൃക്കാക്കരയിൽ എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പി.സി. ജോർജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി തുടങ്ങി സ്ഥാപനങ്ങളിലൊന്നും ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത സർക്കാറാണ് പി.സി.ജോർജിനെ പിടിക്കാൻ വാഹനവുമായി അലയുന്നത്. പിണറായി എപ്പോൾ എന്നെ കുടുക്കാൻ പ്രവർത്തനം ആരംഭിച്ചോ അന്ന് മുതൽ അദ്ദേഹത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി. അത് പിണറായി വിജയന്റെ അന്ത്യത്തിലേക്ക് എത്തും.
പിണറായി വിജയന് സ്റ്റാലിന്റെ സ്വഭാവമാണ്. എതിരെ നിൽക്കുന്നവരെ ഇല്ലാതാക്കും. അതുകൊണ്ട് എല്ലാവരും ഹിസ് മാസ്റ്റേഴ്സ് വോയ്സായി നിൽക്കുമ്പോൾ താൻ ചില സത്യങ്ങൾ പറഞ്ഞു. അതാണ് എന്നോടുള്ള ശത്രുത. വി.എസിന്റെ ആളാണ് എന്നുള്ളതായിരുന്നു നേരത്തെയുള്ള ശത്രുത. ഞാൻ വി.എസിന്റെ ആളാണ്. അദ്ദേഹമാണ് യഥാർഥ ഇടതുപക്ഷം. ആ മനുഷ്യൻ വീണശേഷം കേരളത്തിൽ ഇടതുപക്ഷമില്ല. സ്റ്റാലിനിസവും പിണറായി പക്ഷവുമാണുള്ളതെന്നും ജോർജ് പറഞ്ഞു.
തൃക്കാക്കരയിൽ പിണറായി നടത്തിയ പ്രസംഗത്തിൽ സ്ഥാനാർഥിക്ക് വോട്ടഭ്യർഥിക്കുന്നതിന് പകരം പി.സി ജോർജിനെ അവസാനിപ്പിക്കണമെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ പൊലീസ് നാലു ദിവസം അരിച്ചു പെറുക്കിയിട്ട് പി.സി. ജോർജിനെ കണ്ടെത്താനോയാ. ഞാൻ നേരിട്ട് ഹാജരായി. എനിക്കറിയാം അറസ്റ്റ് ചെയ്യപ്പെടുമെന്ന്. താൻ ഇപ്പം മുങ്ങിയാൽ ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പൊലീസിന് കണ്ടുപിടിക്കാനാകില്ല. ഞാൻ നിയമം അനുസരിക്കുന്നവനാണ്. അതുകൊണ്ടാണ് അത് ചെയ്യാത്തതെന്നും പി.സി. ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.