വെണ്ണലയിൽ പറഞ്ഞത് കുറഞ്ഞുപോയെന്ന് പി.സി. ജോർജ്; 'പൊലീസ് നോട്ടീസ് മൈൻഡ് ചെയ്യാൻ സൗകര്യമില്ല'

കൊച്ചി: വെണ്ണലയിൽ താൻ നടത്തിയ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായി ജാമ്യംനേടി പുറത്തിറങ്ങിയ പി.സി. ജോർജ്. വെണ്ണലയിൽ പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തനിക്ക് തോന്നുന്നതെന്ന് തൃക്കാക്കരയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പി.സി. ജോർജ് പറഞ്ഞു. കോടതിയലക്ഷ്യമാകുമെന്നതിനാലാണ് കൂടുതൽ പറയാത്തതെന്നും ജോർജ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളിൽ കുറ്റബോധമുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോർജിന്‍റെ മറുപടി.

'ക്രിസ്ത്യാനികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഞായറാഴ്ച. ആ ദിവസം തന്നെ കൃത്യം 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകാൻ പറയുന്ന നാണംകെട്ടവന്മാരെ പറ്റി ഞാനെന്ത് പറയാനാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ തിരുവനന്തപുരത്ത് തന്നെയുണ്ടായിരുന്നല്ലോ. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നല്ലോ. ജയിലിൽ കിടപ്പുണ്ടായിരുന്നല്ലോ. അപ്പോഴൊന്നും എന്നെ ചോദ്യം ചെയ്യാൻ പറ്റില്ലായിരുന്നോ ഇവന്മാർക്ക്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ഞാൻ മിണ്ടരുത്. അതാണ് പ്രശ്നം. അതിന് വേണ്ടിയാണ് നോട്ടീസ്. ആ നോട്ടീസൊന്നും മൈൻഡ് ചെയ്യാൻ എനിക്ക് സൗകര്യമില്ല' -പി.സി. ജോർജ് പറഞ്ഞു.

വിദ്വേഷപ്രസംഗക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യംനേടി ജയിൽമോചിതനായ പി.സി. ജോർജിന് ഇന്നലെയാണ് വീണ്ടും പൊലീസിന്‍റെ നോട്ടീസ് ലഭിച്ചത്. ഞായറാഴ്ച രാവിലെ 11ന് ഹാജരാകണമെന്ന് കാണിച്ചാണ് ഫോർട്ട് അസി. കമീഷണർ നോട്ടീസ് നൽകിയത്. എന്നാൽ, പൊലീസിൽ ഹാജരാകാതെ പി.സി. ജോർജ് തൃക്കാക്കരയിലെത്തുകയായിരുന്നു.

തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും അതിനായി ഹാജരാകണമെന്നും കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമീഷണർ എസ്. ഷാജി പി.സി. ജോര്‍ജിന് നോട്ടീസ് അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് പി.സി. ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒപ്പം, ശാസ്ത്രീയ പരിശോധനയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. 

Tags:    
News Summary - pc george press conference thrikkakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.