'കൂടുതൽ ഓടേണ്ടിവരും, അനിൽ ആന്‍റണിയെ പത്തനംതിട്ടക്കാർക്ക് അറിയില്ല'

കോട്ടയം: ബി.ജെ.പിയുടെ ഒന്നാംഘട്ട സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. പത്തനംതിട്ടയിലെ സ്ഥാനാർഥി അനിൽ ആന്‍റണിയെ പത്തനംതിട്ടക്കാർക്ക് അറിയില്ലെന്നും പരിചയപ്പെടുത്തിയെടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. പത്തനംതിട്ടയിൽ പി.സി. ജോർജോ മകൻ ഷോൺ ജോർജോ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഒരു മാസം മുമ്പാണ് ഇരുവരും ബി.ജെ.പിയിൽ ചേർന്നത്. 

'അനില്‍ ആന്റണിയെ പത്തനംതിട്ട അറിയില്ല. ഓട്ടം കൂടുതല്‍ വേണ്ടി വരും. സ്ഥാനാർഥിയായി ഞാന്‍ ഓടുന്നതില്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനില്‍ ആന്റണിയെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം. അനിൽ ആന്‍റണിക്ക് കേരളവുമായിട്ട് ഒരു ബന്ധവുമില്ല. ആളെ അറിയില്ലല്ലോ. എ.കെ. ആന്‍റണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആന്‍റണി കോൺഗ്രസാണ്. അപ്പന്‍റെ പിന്തുണയില്ലെന്നതാണ് പ്രശ്നം. ആന്‍റണി പരസ്യമായി പിന്തുണ കൊടുത്ത് രംഗത്തെത്തിയാൽ കുറച്ചുകൂടി എളുപ്പമുണ്ടായേനെ.'

'എനിക്ക് കിട്ടാവുന്ന പരമാവധി ആദരവ് ബി.ജെ.പി തന്നിട്ടുണ്ട്. എത്രയോ ആളുകൾ ബി.ജെ.പിയിൽ വന്നു. അവർക്കൊന്നും കിട്ടാത്ത സ്വീകാര്യതയും ആദരവും നേതാക്കളും പ്രവർത്തകരും തന്നു. അവരോട് നൂറ് ശതമാനം നന്ദിയോടെ തന്നെ കൂടെയുണ്ടാകും' -പി.സി. ജോർജ് പറഞ്ഞു. 

ബി.ജെ.പി ആദ്യ പട്ടികയിൽ കേരളത്തിൽ നിന്ന് മത്സരിക്കുന്ന 12 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങൽ - വി. മുരളീധരൻ, പത്തനംതിട്ട - അനിൽ കെ. ആന്‍റണി, ആലപ്പുഴ - ശോഭ സുരേന്ദ്രൻ, പാലക്കാട് - സി. കൃഷ്ണകുമാർ, തൃശ്ശൂർ - സുരേഷ് ഗോപി, കോഴിക്കോട് - എം.ടി. രമേശ്, മലപ്പുറം - ഡോ. അബ്ദുൽ സലാം, പൊന്നാനി- നിവേദിത സുബ്രഹ്മണ്യൻ, വടകര - പ്രഫുൽ കൃഷ്ണൻ, കാസർകോട് - എം.എൽ. അശ്വിനി, കണ്ണൂർ - സി. രഘുനാഥ് എന്നിവരാണ് സ്ഥാനാർഥികൾ. 

Tags:    
News Summary - PC George response after bjp first list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.