കൊടുങ്ങല്ലൂർ: വിട്ടുമാറാത്ത ജലദോഷവും പഴുപ്പുമായി ആശുപത്രികൾ കയറിയിറങ്ങിയ രണ്ട് വയസ്സുകാരന്‍റെ മൂക്കിൽനിന്ന് ഒടുവിൽ നിലക്കടല കുരു പുറത്തെടുത്ത് കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർ രക്ഷകനായി. തൃശൂർ ജില്ലയിലെ മതിലകം പഞ്ചായത്തിൽ കുളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റൻറ് സർജനും ഇ.എൻ.ടി സ്പെഷ്യലിസ്റ്റുമായ എറണാകുളം സ്വദേശി ഡോക്ടർ ഫാരിസിന്‍റെ പ്രയത്നമാണ് കുഞ്ഞിനും കുടുംബത്തിനും രക്ഷയായത്.
കുളിമുട്ടം പൊക്കളായിയിലെ ഓട്ടോറിക്ഷ ഡ്രൈവർ പണിക്കവീട്ടിൽ സുബീഷ് - നീതു ദമ്പതികളുടെ മകൻ പ്രയാഗിന്‍റെ മൂക്കിനുള്ളിലാണ് പുറത്തേക്ക് കാണാത്ത വിധം നിലക്കടല കുരുങ്ങിയിരുന്നത്.
ദിവസങ്ങളായി അനുഭപ്പെടുന്ന പഴുപ്പിനും ജലദോഷത്തിനും ഫിസിഷ്യൻ ഉൾപ്പെടെ മറ്റു ഡോക്ടർമാരും നിർദേശിച്ചത് പ്രകാരം ആൻറിബയോട്ടിക്കും തുള്ളിമരുന്നും സിറപ്പുമാണ് കുട്ടിക്ക് നൽകി വന്നിരുന്നത്. ഇതിനിടെ മരുന്നിന് വേണ്ടിയാണ് കുട്ടിയുമായി വീട്ടുകാർ ഡോ. ഫാരിസിനെ സമീപിച്ചത്.
പ്രാഥമിക പരിശോധനയിൽ മുക്കിൽ ഒരു ദ്വാരത്തിൽ മാത്രം പഴുപ്പ് കണ്ട ഡോക്ടർ സന്ദേഹത്തിലായി. ജലദോഷം കലശമായാൽ രണ്ട് ദ്വാരത്തിലും പഴുപ്പുണ്ടാകും. പിന്നീട് വിശദ പരിശോധന നടത്തി പഴുപ്പ് നീക്കം ചെയ്തു. ഇതിനിടെയാണ് ഉള്ളിൽ പിന്നിലായി പഴുപ്പിനോടൊപ്പം കനത്തിൽ എന്തോ കണ്ടത്.
ഇത് പുറത്തെടുത്തപ്പോഴാണ് നിലക്കടല കുരുവാണെന്ന് മനസിലായത്. പഴുപ്പിനാൽ മൂടി കിടന്നിരുന്നതിനാൽ നിലക്കടല ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. പഴുപ്പ് കൂടി തലച്ചോറിലേക്ക് വ്യാപിക്കാനും കുട്ടിയുടെ ആരോഗ്യാവസ്ഥ അപകടാവസ്ഥയിലേക്ക് പോകാനും സാധ്യത ഏറെയായിരുന്നുവെന്ന് ഡോ. ഫാരിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.