അങ്കമാലി: പ്രാർഥനക്ക് പോവുകയായിരുന്ന കാൽനടയാത്രക്കാരി നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി കോച്ചാട്ട് വടക്കൻ വീട്ടിൽ കുഞ്ഞുമോൻ്റെ (റിട്ട. പോസ്റ്റുമാൻ ) ഭാര്യ ചിന്നമ്മയാണ് (69) മരിച്ചത്.
ഞായറാഴ്ച രാവിലെ 7.10ന് ചെങ്ങമനാട്- മാള റോഡിൽ പൊയ്ക്കാട്ടുശ്ശേരി ഗവ: എൽ.പി സ്കൂൾ കവലയിൽ 'മിൽമ' സഹകരണ സംഘത്തിന് സമീപമായിരുന്നു അപകടം. മാള ഭാഗത്ത് നിന്ന് വരുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ചിന്നമ്മയെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ചിന്നമ്മ 50 അടിയോളം ദൂരെ തെറിച്ചു വീഴുകയായിരുന്നു. വഴിയോരത്തെ വീടിൻ്റെ ഗേറ്റും തകർത്താണ് കാർ നിന്നത്. അവശനിലയിലായ ചിന്നമ്മയെ നാട്ടുകാർ ആംബുലൻസിൽ കയറ്റി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരണപ്പെട്ടു.
ചിന്നമ്മ പൊയ്ക്കാട്ടുശ്ശേരി കാരുണ്യ കുടുംബശ്രീ അംഗമാണ്. മക്കൾ: ബേസിൽ, അനിൽ. മരുമക്കൾ: എൽസ , ജോസ്ന (എല്ലാവരും യു.കെ) സംസ്ക്കാരം പൊയ്ക്കാട്ടുശ്ശേരി മോർ ബഹനാം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ പിന്നീട്. പൊയ്ക്കാട്ടുശ്ശേരി ചാപ്പൽ മുതൽ എൽ.പി സ്കൂൾ കവല വരെ അപകടം പതിവായിരിക്കുകയാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. അടുത്ത കാലത്തായി ജീവഹാനി അടക്കമുള്ള നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. റോഡിൻ്റെ ഇരുവശങ്ങളിലും കാൽ നടയാത്രക്കാർക്ക് സഞ്ചരിക്കാൻ യാതൊരു സുരക്ഷ സംവിധാനവുമില്ലെന്നാണ് പൊതുവെയുള്ള പരാതി. വിദ്യാർഥികൾ അടക്കം അപകട ഭീഷണി നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.