നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടാൻ വീണ്ടും അനുമതി; ആറുമാസം കൂടി അനുവദിക്കാമെന്ന്​ സുപ്രീം കോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ആറു മാസത്തേക്ക്​ നീട്ടാൻ സു​പ്രീം കോടതി അനുമതി. വിചാരണ കോടതി ജഡ്​ജിയുടെ ആവശ്യമാണ്​ സുപ്രീം കോടതി പരിഗണിച്ചത്​. എന്നാൽ, ഇനി വിചാരണ നീട്ടാനാകില്ലെന്നും കോടതി ഉത്തരവിട്ടു.

നടൻ ദിലീപടക്കം പ്രതിയായ കേസിൽ ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് 2019ൽ സുപ്രീംേകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോവിഡ് ഉൾപ്പെടെ സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. 2021 ഫെബ്രുവരിയോടെ വിചാരണ പൂർത്തിയാക്കുമെന്ന് അന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് ആറു മാസം കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ, ​െഫബ്രുവരിയോടെ വിചാരണ പൂർത്തിയാക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് വീണ്ടും ജഡ്ജി സുപ്രീംകോടതിയെ സമീപിച്ച് ആറു മാസത്തെ സമയം ചോദിച്ചത്. കേരള ഹൈകോടതി റജിസ്ട്രാർ ജുഡീഷ്യൽ മുഖേനെ സുപ്രീംകോടതിക്ക് കത്ത് നൽകുകയായിരുന്നു. വിചാരണ കോടതിയുടെ ഈ ആവശ്യം പരിഗണിച്ചാണ്​ സുപ്രീം കോടതി വീണ്ടും സമയം നീട്ടി നൽകിയത്​. എന്നാൽ, ഇനി സമയം നീട്ടി നൽകാനാകില്ലെന്ന അന്ത്യശാസനവും സുപ്രീം കോടതി നൽകിയിട്ടുണ്ട്​.

ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയെയും പിന്നീട് ഹൈകോടതിയെയും തുടർന്ന് സുപ്രീംകോടതിയെയും ഹരജിയുമായി സമീപിച്ചിരുന്നു. ഇത് വിചാരണ നീളാൻ കാരണമായതായി സു​പ്രീം കോടതിക്ക്​ നൽകിയ കത്തിൽ പറയുന്നു.

അഭിഭാഷകന്​ കോവിഡ്​ ബാധിച്ചതടക്കമുള്ള കാരണങ്ങളാൽ വിചാരണ പല തവണ മാറ്റിവെച്ചിരുന്നു. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ്​ നിലവിൽ ജാമ്യത്തിലാണ്​. കേസിലെ എട്ടാം പ്രതിയാണ്​ നടൻ ദിലീപ്​. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന്​ ചൂണ്ടികാണിച്ച്​ ​ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നേരത്തെ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പ്രോസിക്യൂഷന്‍റെ ആവശ്യം കഴിഞ്ഞ മാസം വിചാരണ കോടതി തള്ളുകയായിരുന്നു.

Tags:    
News Summary - Permission again to extend trial in the case of attacking the actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.