കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘം വീണ്ടും അന്വേഷണം തുടങ്ങി. സിനിമ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. മൊഴിയുടെ വിശദാംശങ്ങൾ സീൽ ചെയ്ത കവറിൽ അന്വേഷണ ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച കോടതിയിൽ സമർപ്പിച്ചു. ഈമാസം 20ന് മുമ്പ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. പ്രോസിക്യൂട്ടർ രാജിവെച്ചതിനാൽ കേസുമായി ബന്ധപ്പെട്ട മറ്റു ഹരജികളും അന്നാവും പരിഗണിക്കുക.
നടിയെ പീഡിപ്പിക്കുന്ന വിഡിയോയുടെ പകർപ്പ് നടൻ ദിലീപിന്റെ പക്കലുണ്ടെന്നും ഒന്നാം പ്രതിയായ പൾസർ സുനി എന്ന സുനിൽകുമാറിനെ ദിലീപിന് നന്നായി അറിയാമെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടിരുന്നു. വിചാരണ വേളയിൽ കൂറുമാറിയ പ്രധാന സാക്ഷികളിൽ ചിലരെ ദിലീപ് സ്വാധീനിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേതുടർന്ന് തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം നേരത്തേതന്നെ കോടതിയെ സമീപിച്ചിരുന്നു.
തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലും കേസുമായി ബന്ധപ്പെട്ട രണ്ടു ഹരജി ഹൈകോടതിയുടെ പരിഗണനയിൽ ആയതിനാലും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടും ഹരജി സമർപ്പിച്ചിരുന്നു. ഈ ഹരജിയും 20ന് പരിഗണിക്കും. എന്നാൽ, തുടരന്വേഷണം നടത്തുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍റെ അധികാരമാണെന്നും അതിൽ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം നടക്കുന്ന കാര്യം കോടതിയെ അറിയിക്കുക എന്നത് മര്യാദയുടെ ഭാഗം മാത്രമാണ്.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിക്ക് നൽകിയത്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും ഹാജരാക്കിയതായി സൂചനയുണ്ട്. 2022 ഫെബ്രുവരി 16നോ അതിനുമുമ്പോ കേസ് തീർപ്പാക്കാനുള്ള സുപ്രീംകോടതിയുടെ നിർദേശം കണക്കിലെടുത്ത് 20നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ, സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എൻ. അനിൽകുമാർ രാജിവെച്ചതിനെത്തുടർന്ന് പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകൻ ഉണ്ടായിരുന്നില്ല. ഇതോടെ കേസിൽ വിചാരണക്ക് ആവശ്യമായ ക്രമീകരണം ഒരുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് നിർദേശിച്ചു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് കോടതിയലക്ഷ്യ ഹരജി നൽകിയതായി റിപ്പോർട്ടുകളുണ്ട്. തുടരന്വേഷണത്തിനായി കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
അതിനിടെ, അഭിഭാഷകനെ കാണണമെന്ന് അറിയിച്ചതിനെത്തുടർന്ന് പൾസർ സുനിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.