കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ നാമ നിർദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഉമ തോമസിന്റെ ഭർത്താവായ മുൻ എം.എൽ.എ അന്തരിച്ച പി.ടി. തോമസിന് എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ ബാങ്കുകളിൽ വായ്പാ കുടിശ്ശികയുള്ളതും കൊച്ചി നഗരസഭയിലെ ഭൂമിക്ക് നികുതി കുടിശ്ശികയുള്ളതും മറച്ചുവെച്ചാണ് പത്രിക നൽകിയതെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര സ്ഥാനാർഥിയായ കടവന്ത്ര സ്വദേശി സി.പി. ദിലീപ് നായരാണ് ഹരജി നൽകിയിരിക്കുന്നത്. തിങ്കളാഴ്‌ച ജസ്റ്റിസ് എൻ. നഗരേഷ് ഹരജി പരിഗണിക്കും.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫിസർക്ക് മേയ് 12ന് പരാതി നൽകിയെങ്കിലും നിരസിച്ചതായി ഹരജിയിൽ പറയുന്നു. തുടർന്നാണ് ഉമ തോമസിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചത്. ഭർത്താവിന്റെ പേരിലുള്ള ആസ്തി ബാധ്യതകൾ അദ്ദേഹം മരിച്ചാൽ ഭാര്യക്കാണ് വന്നുചേരുകയെന്ന സുപ്രീം കോടതി വിധിയുണ്ട്. ഇതു പ്രകാരം പി.ടി. തോമസിന്റെ വായ്പ, ഭൂനികുതി കുടിശ്ശിക ബാധ്യതകൾ ഭാര്യയായ ഉമ തോമസിനാണ്.
മാത്രമല്ല, ബാലറ്റ് പേപ്പറിൽ അക്ഷരമാലാക്രമം മറികടന്ന് ഉമയുടെ പേരിന് മുൻഗണന നൽകിയെന്നും തെരഞ്ഞെടുപ്പ് നിരീക്ഷകൻ ഇതിലിടപെട്ടില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.