പത്രപ്രവർത്തക യൂനിയന്‍റെ ഹരജി ഒക്ടോബർ 21ന് സുപ്രീകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരള ഹൈകോടതിയിലും മറ്റു കോടതികളിലുമുള്ള നിയന്ത്രണം സംബന്ധിച്ച പരാതി കേരള ഹൈകോടതിയില്‍തന്നെ തീര്‍ക്കാമായിരുന്നില്ളേയെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. തുടര്‍ന്ന് ഹരജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി ഈ മാസം 21ന് പരിഗണിക്കാമെന്ന് അറിയിച്ചു.

കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്കിനെതിരെ കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ സെക്രട്ടറി സി. നാരായണന്‍ സമര്‍പ്പിച്ച ഹരജി അഡ്വ. വില്‍സ് മാത്യൂസ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ ഇത്തരമൊരു ചോദ്യമുന്നയിച്ചത്. അടിസ്ഥാനപരമായി ഇത് അഭിഭാഷകസമൂഹവും മാധ്യമങ്ങളും തമ്മിലുള്ള ഒരു തര്‍ക്കമാണെന്നും അത് കേരള ഹൈകോടതിയില്‍വെച്ചുതന്നെ തീര്‍ക്കേണ്ടതായിരുന്നൂവെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു. എന്നാല്‍, അത്തരമൊരു ശ്രമത്തിനുള്ള പ്രയാസം സുപ്രീംകോടതിയെ ധരിപ്പിച്ച അഡ്വ. വില്‍സ് മാത്യൂസ് ഹൈകോടതിയില്‍ ഇത്തരമൊരു ഹരജിയുമായി പോകാനുള്ള സാഹചര്യമല്ല നിലനില്‍ക്കുന്നതെന്ന് ബോധിപ്പിച്ചു.

കോടതിയില്‍ ഹാജരാകാന്‍പോലും അഭിഭാഷകര്‍ തയാറാകുന്നില്ല. നീതി ലഭിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതിനാല്‍ ഫലപ്രദവും സ്ഥായിയായതുമായ പ്രശ്നപരിഹാരത്തിന് സുപ്രീംകോടതി ഇടപെടണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, ധനഞ്ജയ് ചന്ദ്രചൂഡ് എന്നിവര്‍കൂടി അടങ്ങുന്ന ബെഞ്ച് ഹരജി ഈ മാസം 21ന് പരിഗണിക്കാനായി മാറ്റി.

Tags:    
News Summary - petition by kuwj in supremecourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.