കോലഞ്ചേരി: ഓർത്തഡോക്സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന സഭ ഭരണഘടനയിലെ ഏഴാം വകുപ്പ് ചോദ്യം ചെയ്ത് സഭാംഗങ്ങളായ കണ്ടനാട് മാത്യു ടി. മാത്തച്ചൻ, പഴന്തോട്ടം സി.വി. ജോസ് എന്നിവരാണ് ഹരജി നൽകിയിട്ടുള്ളത്. നിർബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട പീഡനങ്ങളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ഇവർ കോടതിയെ സമീപിച്ചിരിക്കുന്നത്.
കുമ്പസാര രഹസ്യം മറയാക്കി വൈദികർ വിശ്വാസിനികളെ പീഡിപ്പിച്ചതും ഇതേതുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവവുമെല്ലാം ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്കും വ്യക്തി സ്വാന്തന്ത്ര്യത്തിനും എതിരാണ്. സഭയിലുള്ളവരെല്ലാം സ്ഥിരമായി പാപം ചെയ്യുന്നവരാണെന്ന മുൻവിധിയോടെയാണ് കുമ്പസാരം നിർബന്ധമാക്കിയത്.
വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ കുമ്പസരിച്ചിരിക്കണമെന്ന് വ്യവസ്ഥയില്ല. ഇത് ഭരണഘടന ഉറപ്പു നല്കുന്ന സ്വകാര്യതയുടെ ലംഘനമാണ്. വൈദികന് മുന്നില്‍ പാപങ്ങള്‍ ഏറ്റുപറയാൻ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. കുമ്പസരിച്ചില്ലെന്ന കാരണത്താല്‍ വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.