കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില അടിക്കടി കുറഞ്ഞിട്ടും രാജ്യത്ത് പെട്രോൾ - ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ബുധനാഴ്ച ഒരു ബാരൽ ക്രൂഡ് ഓയിൽ വില 72.97 ഡോളറായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ബാരലിന് 72.32 ഡോളർ വരെ താഴ്ന്നിരുന്നു.
എന്നാൽ, ക്രൂഡ് വില ബാരലിന് 90 ഡോളറിന് മുകളിൽ നിൽക്കുമ്പോഴുള്ള നിരക്കാണ് ഇപ്പോഴും രാജ്യത്ത് ഇന്ധനത്തിന് ഈടാക്കുന്നത്. നിലവിലെ വിലയിടിവ് ശാശ്വതമല്ലെന്ന വിലയിരുത്തലാണ് കമ്പനികളും സർക്കാറും ഇന്ധനവില കുറക്കാത്തതിന് കാരണമായി പറയുന്നത്. അതേസമയം, എണ്ണക്കമ്പനികള്‍ വൻ ലാഭം കൊയ്യുകയാണിപ്പോൾ. വിപണിയുടെ 30 ശതമാനം കൈയാളുന്ന സ്വകാര്യ എണ്ണ കമ്പനികൾക്കും വൻ നേട്ടമാണ് ഈ സാഹചര്യം. ഇന്ത്യക്ക് ആവശ്യമുള്ള 85 ശതമാനം എണ്ണയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ആഗോള വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റം വേഗത്തിൽ ഇന്ത്യയിലും പ്രകടമാകേണ്ടതാണ്. ആ ആനുകൂല്യമാണ് ഉപഭോക്താക്കൾക്ക് നൽകാതെ കമ്പനികളും സർക്കാറും വീതംവെച്ചെടുക്കുന്നത്.
പെട്രോള്‍-ഡീസല്‍ വില ഏറ്റവും കൂടിയ നിലയിൽ എത്തിയ ശേഷമാണ് കഴിഞ്ഞ മെയിൽ രാജ്യത്ത് പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചത്. എക്സൈസ് തീരുവയിൽ വരുത്തിയ മാറ്റമാണ് വില കുറയാന്‍ ഇടയാക്കിയത്. അമേരിക്കയിൽ സിലിക്കൺവാലി, സിഗ്നേച്വർ ബാങ്കുകളുടെ തകർച്ചയും സ്വിസ് ബാങ്കിന്റെ പ്രതിസന്ധിയുമെല്ലാം ക്രൂഡ് വിലയെ ബാധിച്ചതായാണ് വിലയിരുത്തൽ.
കേന്ദ്ര നികുതിയും ഇന്ധന വില ഉയർന്ന് നിൽക്കാൻ പ്രധാന കാരണമാണ്. നികുതി കുറക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ തയാറായാൽതന്നെ എണ്ണവില ഇടിയും. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.72 രൂപയും ഡീസലിന് 94.66 രൂപയുമാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റ് നിർദേശ പ്രകാരം ഏപ്രിൽ മുതൽ ഇന്ധനത്തിന് രണ്ട് രൂപ സെസ് വരുന്നതോടെ കേരളത്തിൽ വീണ്ടും പെട്രോൾ-ഡീസൽ വില കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.