െകാച്ചി: യഥാർഥ ശമ്പളത്തിന് ആനുപാതികമായി പ്രോവിഡൻറ് ഫണ്ട് പെൻഷൻ ലഭിക്കുന്നതിന് കൂടിയ വിഹിതം നൽകാൻ പദ്ധതി അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും അർഹതയുെണ്ടന്ന് ഹൈകോടതി. താൽപര്യമുള്ളവർക്ക് ഇതിന് ഒാപ്ഷൻ (താൽപര്യം) നൽകാം. ഒാപ്ഷൻ നൽകാൻ കാലാവധി നിശ്ചയിച്ച വ്യവസ്ഥ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
പെൻഷന് അർഹമായ പരമാവധി ശമ്പളം നിജപ്പെടുത്തിയും പെൻഷൻ കണക്കാക്കാൻ അവസാന 12 മാസത്തെ ശമ്പളത്തിന് പകരം 60 മാസത്തെ ശരാശരി കണക്കാക്കണമെന്ന വ്യവസ്ഥയടക്കം ഉൾപ്പെടുത്തിയും െകാണ്ടുവന്ന 2014ലെ ഭേദഗതി വിജ്ഞാപനവും ഇതിെൻറ അടിസ്ഥാനത്തിൽ പി.എഫ് അധികൃതർ പുറപ്പെടുവിച്ച ഉത്തരവുകളും ഹൈകോടതി റദ്ദാക്കി. എല്ലാ തൊഴിലാളികൾക്കും ഒരേപോലെ ആനുകൂല്യങ്ങൾ ഉറപ്പാക്കേണ്ട പദ്ധതി വിവേചനപൂർവം നടപ്പാക്കുന്നത് നിയമവിരുദ്ധവും സ്വേച്ഛാപരവും ഇ.പി.എഫ് നിയമങ്ങൾക്ക് വിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. 2014ലെ വിജ്ഞാപനം തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച 507 ഹരജികളാണ് കോടതി പരിഗണിച്ചത്.
പെൻഷന് അർഹതയുള്ള പരമാവധി ശമ്പളം മാസം 6500 ആയിരുന്നത് 15,000ത്തിലേക്ക് ഉയർത്തുകയും ശമ്പളത്തിന് ആനുപാതിക വിഹിതം അടക്കുന്നതിന് പരിധിവെക്കുകയും ചെയ്തതടക്കം ഭേദഗതി വിജ്ഞാപനത്തിലെ വിവിധ വ്യവസ്ഥകൾ ഹരജിക്കാർ ചോദ്യം ചെയ്തു. ഭേദഗതിക്കുമുമ്പ് 6500 രൂപ ശമ്പളപരിധി നിശ്ചയിച്ചിരുന്നെങ്കിലും യഥാർഥ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഫണ്ടിലേക്ക് ഉയർന്ന തുകയടക്കാൻ തൊഴിലാളിക്ക് കഴിയുമായിരുന്നു. ഭേദഗതിയോടെ ഇത് ഇല്ലാതായി. 15,000നുമുകളിൽ ശമ്പളത്തിന് വിഹിതം അടക്കുേമ്പാൾ കൂടിയ തുകക്ക് 1.16 ശതമാനം അധിക വിഹിതം തൊഴിലാളി അടക്കണമെന്ന വ്യവസ്ഥ വന്നു. നിലവിൽ പദ്ധതിയംഗങ്ങളായവർക്ക് തൊഴിലുടമയുമായി ചേർന്ന് ഉയർന്ന ഒാപ്ഷൻ തെരഞ്ഞെടുക്കാമെന്നും ഉത്തരവിറക്കി. ശമ്പളപരിധി വര്‍ധിപ്പിച്ചതോടെ 2014 ആഗസ്റ്റ് 31 വരെയുള്ള സര്‍വിസ് കാലയളവിലെ പെന്ഷന് 6500 രൂപ പരിധിയെ ആധാരമാക്കിയും തുടര്‍ന്നുള്ളത് 15,000 രൂപയുടെ അടിസ്ഥാനത്തിലുമായി. 2014 സെപ്റ്റംബർ ഒന്നിന് ശേഷമുള്ള ആറുമാസത്തിനകം അന്ന് നിലവിലുണ്ടായിരുന്ന പരിധിയായ 6500 രൂപക്കപ്പുറം വിഹിതം നല്കുന്നവര് ഒാപ്ഷൻ നൽകണമെന്നാണ് സമയപരിധി നിശ്ചയിച്ചത്.
പി.എഫ് ഫണ്ട് ചുരുങ്ങുമെന്ന ആശങ്കയുടെയും മറ്റും അടിസ്ഥാനത്തിലുള്ള ഭേദഗതിക്ക് നിയമത്തിെൻറ പിൻബലമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു കാരണം ചൂണ്ടിക്കാട്ടി അർഹതപ്പെട്ട ആനുകൂല്യം തടയാനാവില്ല. സമൂഹത്തിലെ മാറ്റം കാണാതെയാണ് ആനുകൂല്യത്തിന് ഉയർന്ന ശമ്പളപരിധി നിശ്ചയിച്ചത്. വിരമിച്ചശേഷം തൊഴിലാളികൾക്ക് മാന്യമായ ജീവിതം നയിക്കുന്നതിന് ഉപകാരപ്പെടാനാണ് പെൻഷൻ ഫണ്ട് ഉണ്ടാക്കിയത്. ആ ലക്ഷ്യം തകിടംമറിക്കുന്നതും തൊഴിലാളികളെ പല തട്ടിലാക്കുന്നതുമാണ് ഇത്തരം നടപടികളെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.