വിഴിഞ്ഞം: തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലെ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. പിണറായി വിജയൻ ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയാണെന്നും സര്‍ക്കാറിന്‍റേത് വികൃത നടപടികളാണെന്നും സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു.
വിഴിഞ്ഞത്ത് തുറമുഖ നിർമാണം തുടരാമെന്ന ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും അതിരൂപത വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അറിയിച്ചു. കേസുകൾ നിയമപരമായി നേരിടുമെന്നും സംഘർഷം സർക്കാറിന്‍റെ ആസൂത്രണമാണെന്നും അദ്ദേഹം പറഞ്ഞു.
സമരം വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് അതിരൂപത തീരുമാനം. തുറമുഖ നിർമാണം എതിർത്തുള്ള സർക്കുലർ അതിരൂപതക്ക് കീഴിലെ പള്ളികളിൽ ഞായറാഴ്ച വായിച്ചു. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ ജാഗ്രത വേണമെന്നും വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സമ്പദ്‌വസ്ഥക്കുതന്നെ ആഘാതം സൃഷ്ടിക്കുമെന്നും സർക്കുലറിൽ പറയുന്നു.
ഓഖി വാർഷികമായ 29ന് വീടുകളിൽ മെഴുകുതിരി കത്തിക്കണം. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിസംബർ 11ന് വൈകീട്ട് 4.30ന് ശംഖുംമുഖത്ത് 'തീരം ഞങ്ങൾക്ക് തിരിച്ചുതരൂ' സന്ദേശമുയർത്തി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുമെന്നും സർക്കുലർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.