തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ ധനസഹായംകൊണ്ടാണ് കേരളം പിടിച്ചുനിൽക്കുന്നതെന്ന ചിലരുടെ പ്രചാരണം കളവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണക്ക് പരിശോധിച്ചാൽ ഈ പ്രചാരണം തെറ്റെന്ന് തെളിയും. റവന്യൂ വരുമാനത്തിന്റെ സംസ്ഥാന ശരാശരിയിൽ 45 ശതമാനം കേന്ദ്രവിഹിതമാണ്. കേരളത്തിൽ അത് 36 ശതമാനം മാത്രമാണ്.
ചില സംസ്ഥാനങ്ങൾക്ക് 75 ശതമാനംവരെ ലഭിക്കുന്നുണ്ട്. 10ാം ധനകമീഷന്റെ കാലത്ത് കേരളത്തിന്റെ നികുതിവിഹിതം 3.88 ശതമാനമായിരുന്നു. 15ാം ധനകമീഷനായപ്പോൾ അത് 1.92 ശതമാനമായി കുറച്ചു. ഇത്തരത്തിൽ കേന്ദ്രം നൽകുന്ന പണം കുറഞ്ഞുവരുകയാണ്. കേരളം കാര്യക്ഷമമായി നികുതി പിരിക്കുന്നില്ലെന്നാണ് ചിലരുടെ പ്രചാരണം. 1,34,097 കോടി രൂപയുടെ റവന്യൂ വരുമാനത്തിൽ 85,867 കോടിയും സംസ്ഥാനത്തിന്റെ തനത് വരുമാനമാണ്. 64 ശതമാനം നികുതി പിരിവിലൂടെ കേരളം കണ്ടെത്തുമ്പോൾ ദേശീയശരാശരി 55 ശതമാനം മാത്രമാണെന്നും തിരുവനന്തപുരത്ത് ജി.എസ്.ടി വകുപ്പ് പുനഃസംഘടന പ്രഖ്യാപനം നിർവഹിക്കവേ അദ്ദേഹം പറഞ്ഞു.
സാമ്പത്തിക നിയന്ത്രണം കൊണ്ടുവന്ന് സംസ്ഥാന സർക്കാറിനെ ഞെരുക്കാനും തങ്ങളുടെ വഴിക്ക് കൊണ്ടുവരാനുമുള്ള കേന്ദ്ര ശ്രമത്തെ കേരളം ഒറ്റക്കെട്ടായി ചെറുക്കണം. സാമ്പത്തികരംഗത്ത് കേന്ദ്രം രാഷ്ട്രീയ വൈരത്തോടെ ഉപരോധം ഏർപ്പെടുത്തുമ്പോൾ നിസ്സഹായരായി ക്ഷേമ നടപടികളിൽനിന്ന് പിന്നാക്കം പോകില്ല. 20 വർഷത്തിനിടെ കേരളത്തിന്റെ കടം 13 ഇരട്ടിയായെന്ന് ചിലർ പ്രചരിപ്പിക്കുന്നു. 20 വർഷം മുമ്പ് 63,000 കോടി രൂപയായിരുന്ന ആഭ്യന്തര വരുമാനം ഇന്ന് 10 ലക്ഷം കോടിയിലധികമായി. 9973 കോടി രൂപയായിരുന്ന റവന്യൂ വരുമാനം 1.35 ലക്ഷം കോടിയായി. ആളോഹരി വരുമാനം 19,463 രൂപയിൽനിന്ന് 2.3 ലക്ഷമായി. കടത്തെക്കുറിച്ച് പറയുന്നവർ ഇതു മറച്ചുവെക്കുകയാണ്.
ജി.എസ്.ടി നിയമം ആറാം വർഷത്തിലേക്ക് കടന്നിട്ടും സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രത്തിന് സാധിച്ചില്ല. ജി.എസ്.ടി കൗൺസിലിൽ സംസ്ഥാനങ്ങൾക്ക് പരിമിത സ്വാധീനമാണുള്ളത്. നികുതി വരുമാനം വർധിപ്പിക്കാനെന്ന പേരിൽ കേന്ദ്രം അവശ്യസാധനങ്ങളുടെയും ഭക്ഷ്യോൽപന്നങ്ങളുടെയും നികുതി വർധിപ്പിച്ചു. കേരളമടക്കം സംസ്ഥാനങ്ങളുടെ സമ്മതത്തോടെയാണ് ഇതെന്ന് കേന്ദ്രമന്ത്രിയടക്കം പറയുന്നു. എന്നാൽ, കേരളത്തിന്റെ ആവശ്യം തള്ളി ആഡംബര വസ്തുക്കളുടെ നികുതി കുറക്കുകയാണ് കേന്ദ്രം ചെയ്തത്. ചെക് പോസ്റ്റ് സംവിധാനം ഇല്ലാതായതോടെ നികുതി വെട്ടിപ്പ് നിരവധി മാർഗങ്ങളിലൂടെ നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.