തിരുവനന്തപുരം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ച് നാട്ടുകാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത് സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിമാനം അപകടത്തിൽപെട്ടപ്പോൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിഞ്ഞത് വലിയൊരു അളവ് വരെ ദുരന്ത വ്യാപ്തി കുറക്കാൻ ഇടയാക്കിയിട്ടുണ്ട്. രാത്രി ഏറെ വൈകിയും ആശുപത്രികളിൽ രക്തദാനത്തിനായി എത്തിച്ചേർന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ദുബൈയിൽനിന്ന് 191 പേരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് എ.എക്സ്.ബി 1344-ബി 737 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.41ന് കരിപ്പൂരിൽ അപകടത്തിൽപ്പെട്ടത്. വിമാനം റൺവേയിൽനിന്ന് തെന്നിമാറി പിളർന്നുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പത്തോളം പേരുടെ നില ഗുരുതരമാണ്. പുലർച്ചെയോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്.
കരിപ്പൂർ വിമാന താവളത്തിൽ വിമാനം അപകടത്തിൽപെട്ടപ്പോൾ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്‍റെ വ്യാപ്തി കുറയ്ക്കുവാൻ ഇടയാക്കിയിട്ടുണ്ട്.
പരിക്കേറ്റവരെ രക്ഷിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാർ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിന്‍റെ ഉദാത്തമായ അനുഭവമാണ്. രാത്രി ഏറെ വൈകിയും ആശുപത്രികളിൽ രക്തദാനത്തിനായി എത്തിച്ചേർന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.