തിരുവനന്തപുരം: എങ്ങനെ ഒരു സംഘടനയിൽ പ്രവർത്തിക്കണം എന്നതിന്റെ ഉത്തമമായ മാതൃകയായിരുന്നു മുതിർന്ന ബി.ജെ.പി നേതാവും ആർ.എസ്.എസ് പ്രചാരകനുമായിരുന്ന പി.പി. മുകുന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് സംഘടനാപ്രവർത്തകനും അനുകരിക്കാവുന്ന സ്വഭാവവിശേഷം തന്നെയാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു. ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പി.പി. മുകുന്ദൻ അനുസ്മരണ യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി.
‘പി.പി. മുകുന്ദന്റെ അകാല വിയോഗത്തിൽ ദുഃഖിക്കുന്നവരാണ് ഇവിടെ കൂടിച്ചേർന്നിരിക്കുന്നവർ. ആ ദുഃഖത്തിൽ എല്ലാരീതിയിലും ഞാനും പങ്കുചേരുന്നു. 77 വയസ്സ് ഇന്നത്തെ കാലത്ത് കൂടിയ പ്രായമാണെന്ന് പറയാനാവില്ല. പക്ഷേ, രോഗം അദ്ദേഹത്തെ കീഴ്പ്പെടുത്തിക്കളഞ്ഞു. അതാണ് അവസാനം സംഭവിച്ചത്.
പി.പി. മുകുന്ദൻ ചെറുപ്പകാലം തൊട്ടുതന്നെ താൻ വിശ്വസിക്കുന്ന ചിന്താധാരക്ക് അനുസരിച്ച് പ്രവർത്തനമണ്ഡലത്തിൽ ഇറങ്ങിയതാണ്. അസാമാന്യമായ നേതൃശേഷി ആദ്യം മുതൽക്കേ അദ്ദേഹത്തിൽ അന്തർലീനമായിരുന്നു. തന്റെ സംഘടനയെ വലിയതോതിൽ ഉയർത്തുന്നതിനും വളർത്തുന്നതിനും നല്ലരീതിയിൽ അത് ഉപയോഗിക്കുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്. തികഞ്ഞ അർപ്പണബോധത്തോടെയാണ് അദ്ദേഹം സംഘടനാകാര്യങ്ങൾ നിർവഹിച്ചത്. ഞങ്ങൾ രണ്ട് ചേരിയിൽ നിന്നുകൊണ്ടാണ് തുടക്കം മുതൽ പ്രവർത്തിച്ചത്. പക്ഷേ, വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ പോലും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടിയിരുന്നില്ല. എല്ലായ്പേപാഴും നല്ല പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറാൻ ഞങ്ങൾക്കിരുവർക്കും കഴിഞ്ഞിരുന്നു. അത് പി.പി മുകുന്ദന്റെ സ്വഭാവവൈശിഷ്ട്യം കൂടിയാണ്. എല്ലാവരോടും നല്ലരീതിയിൽ സൗമ്യമായി പെരുമാറാനും അതേസമയം സംഘടനാ കാര്യങ്ങളിൽ കർക്കശ നിലപാട് സ്വീകരിച്ചു പോകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
വലിയതോതിൽ സംഘർഷം നിറഞ്ഞുനിന്ന നാളുകൾ കണ്ണൂരിൽ ഉണ്ടായിരുന്നു. ഓരോഘട്ടത്തിലും അതത് സർക്കാറുകൾ ഇടപെട്ട് സംഭാഷണം നടത്തും. അതിൽ പലതിലും പി.പി. മുകുന്ദന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ഒരിക്കൽ സംഘർഷഭരിതമായ സാഹചര്യത്തിൽ ഞങ്ങൾ എല്ലാവരും നാട്ടുകാരുടെ അടുത്ത് പോയി ഒന്നിച്ച് നിന്ന് സമാധാന അഭ്യർഥന നടത്തിയിരുന്ന കാര്യം ഞാൻ ഓർക്കുന്നു.
അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത, അദ്ദേഹം വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പരമോന്നത സ്ഥാനം വരെ അലങ്കരിച്ചയാളാണ്. എല്ലാവരും വലിയ തോതിൽ അംഗീകരിച്ച ചോദ്യം ചെയ്യപ്പെടാത്ത നേതാവുമായിരുന്നു. ഒരു പ്രത്യേകഘട്ടത്തിൽ അദ്ദേഹം അതിൽനിന്നെല്ലാം ഒഴിഞ്ഞുനിൽക്കേണ്ടിവന്നു. ആ ഘട്ടത്തിലും ഞങ്ങൾ ചില സമയങ്ങളിൽ കാണാറുണ്ട്. എന്നാൽ, ഒരുസമയത്തും അദ്ദേഹം വിശ്വസിക്കുന്ന പ്രസ്ഥാനത്തെ നേരിയതോതിൽ പോലും പോറലേൽപിക്കുന്ന വാക്കോ നോക്കോ സൂചനയോ പി.പി മുകുന്ദനിൽ നിന്നുണ്ടായിട്ടില്ല. ഇന്നത്തെക്കാലത്ത് ചെറിയ എന്തെങ്കിലും വന്നാൽ അപ്പോൾ തന്നെ പ്രതികരിക്കുന്ന പലരെയും നമ്മൾ കാണാറുണ്ട്. അതുകൊണ്ടാണ് പി.പി. മുകുന്ദന്റെ പ്രത്യേകതയായി ഇതിവിടെ പറയുന്നത്.
എങ്ങനെ ഒരു സംഘടനയിൽ പ്രവർത്തിക്കണം എന്നതിന്റെ ഉത്തമമായ മാതൃകയായിരുന്നു അദ്ദേഹം. ഏത് സംഘടനാപ്രവർത്തകനും അനുകരിക്കാവുന്ന സ്വഭാവവിശേഷം തന്നെയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ ദുഃഖിക്കുന്നവരോടൊപ്പം ചേർന്ന് ആദരാഞ്ജലി അർപ്പിക്കുന്നു’ -മുഖ്യമന്ത്രി പറഞ്ഞു.
അനുസ്മരണ ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ആന്റണി രാജു, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍, സിപിഐ നേതാവ് സി. ദിവാകരന്‍, സിഎംപി സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി. ജോണ്‍, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, നിംസ് ആശുപത്രി ഡോക്ടര്‍ മഞ്ജു തമ്പി, പങ്കജകസ്തൂരി എംഡി. ഡോ.ഹരീന്ദ്രന്‍ നായര്‍, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ. രാമന്‍പിള്ള, ഒ. രാജഗോപാല്‍, വി.വി. രാജേഷ്, വെങ്ങാനൂര്‍ സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് ബി.ജെ.പി മുൻ സംസ്ഥാന സംഘടന സെക്രട്ടറി പി.പി. മുകുന്ദൻ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.