മലപ്പുറം: മുസ്ലിംലീഗിനെ പുകഴ്ത്തിയും കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനി പുറത്തിറക്കിയ ‘മലപ്പുറം മിഥ്യയും യാഥാർഥ്യവും: ബഹുസ്വര സംസ്കാര പഠനങ്ങൾ’ പുസ്തക പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 1967ൽ ഇ.എം.എസ് സർക്കാർ മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോൾ കേരളത്തിൽ കൊച്ചുപാകിസ്താൻ രൂപവത്കരിക്കപ്പെട്ടെന്ന് ആക്ഷേപിച്ചത് ആർ.എസ്.എസ് മാത്രമായിരുന്നില്ലെന്ന ചരിത്രവസ്തുത നമ്മൾ ഓർക്കണമെന്ന് കോൺഗ്രസിനെ പേരെടുത്തു പറയാതെ പിണറായി കുറ്റപ്പെടുത്തി.
അന്ന് ആക്ഷേപമുന്നയിച്ചവർക്ക് ഇപ്പോൾ ആ രീതിയിൽ പറയാൻ കഴിയില്ലെന്നതും നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 1960കളിൽ ലീഗും ഇടതുപക്ഷവും സഹകരിച്ച് പ്രവർത്തിച്ചപ്പോൾ ‘റാവൽപിണ്ടി പീക്കിങ് അച്ചുതണ്ട്’ എന്ന് വിളിച്ചാക്ഷേപിച്ചവർ ആരാണെന്നും ഓർക്കുന്നത് നല്ലതാണ്. ഇപ്പോൾ അവരെ പേരെടുത്ത് ആക്ഷേപിക്കുന്നില്ല. അത് പറയുമ്പോൾ പലർക്കും വിഷമമുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് അവരെ വിഷമിപ്പിക്കാനൊന്നും താൻ തയാറല്ല. എന്നാലും ആ ചരിത്രവസ്തുത നാം ഓർക്കുന്നത് നല്ലതായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1954ലാണ് കമ്യൂണിസ്റ്റുകാരനായ പി.ടി. ഭാസ്കര പണിക്കർ പ്രസിഡന്റും കെ.വി. മൂസാൻകുട്ടി മാസ്റ്റർ വൈസ് പ്രസിഡന്റുമായ മലബാർ ഡിസ്ട്രിക് ബോർഡ് നിലവിൽവന്നത്. മലബാറിൽ വിദ്യാഭ്യാസവെളിച്ചം കടന്നുവന്നതും 1001 ഏകാധ്യാപക വിദ്യാലയങ്ങൾ ഉയർന്നുവന്നതും അക്കാലത്താണ്. മലപ്പുറത്തും അത്തരം വിദ്യാലയങ്ങൾ കാര്യമായി വന്നു.
1921ലെ കലാപത്തെത്തുടർന്ന് വെള്ളക്കാരും വെള്ളക്കാരുടെ ഭാഷയും വേണ്ടെന്ന നിലപാടാണ് മലപ്പുറത്തുകാർ സ്വീകരിച്ചത്. 1957ൽ ഇ.എം.എസ് സർക്കാർ വന്നപ്പോഴാണ് ഇംഗ്ലീഷ് പഠനം വേണമെന്ന നില വന്നത്. പി.എസ്.സി തസ്തികകളിൽ മുസ്ലിം സമുദായത്തിലുള്ളവരെ കിട്ടാനില്ലായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉയർന്നുവരുകയും ഇംഗ്ലീഷ് ഭാഷപഠനം വ്യാപിപ്പിക്കുകയും ചെയ്തതോടെയാണ് ഇതിന് മാറ്റം വന്നത്. ജില്ലയുടെ വിഭ്യാഭ്യാസ മുന്നേറ്റത്തിൽ ഇ.എം.എസും സി.എച്ചും നൽകിയ സംഭാവന പ്രത്യേകം ഓർക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ലീഗ് എം.എൽ.എ പി. ഉബൈദുല്ലയാണ് പുസ്തകം ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.