തിരിഞ്ഞുകൊത്തി പിണറായിയുടെ പഴയ പോസ്​റ്റ്​; 'ജനവിരുദ്ധ നിയമ സംഹിതകൾ കൊണ്ട് പൗര സ്വാതന്ത്ര്യം തച്ചുതകർക്കാനാവില്ല''

തിരുവനന്തപുരം: മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും കൂച്ചുവിലങ്ങിടാവുന്ന തരത്തിൽ പൊലീസ്​ നിയമം ഭേദഗതി ചെയ്​ത പശ്​ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകൊത്തി പഴയ ഫേസ്​ബുക്​ പോസ്​റ്റ്​. ''ഭരണഘടന വെറുതെയല്ല. പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല'' എന്ന തലക്കെട്ടിൽ 2014 ആഗസ്ത് 15ന് മോദി സര്‍ക്കാരിനെ വിമർശിച്ച്​ എഴുതിയ കുറിപ്പാണ്​ ഇപ്പോൾ ചർച്ചയാകുന്നത്​. സമൂഹ മാധ്യമങ്ങളെ നിതന്ത്രിക്കാനുള്ള മോദി സർക്കാറിൻെറ നീക്കത്തിനെതിരെയായിരുന്നു പോസ്​റ്റ്​. എന്നാൽ, അതിനേക്കാൾ രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമ ഭേദഗതിയാണ്​ ഇപ്പോൾ പിണറായി സർക്കാർ നടപ്പാക്കുന്നത്​.

'പൗരൻെറ അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണ്. സാമൂഹ്യ മാധ്യമം നൽകുന്ന സാധ്യതകൾ വാരിക്കോരി ഉപയോഗപ്പെടുത്തി ഭരണത്തിലെത്തിയ സർക്കാരാണ് നരേന്ദ്ര മോഡിയുടെത്. ജനവിരുദ്ധമായ നിയമ സംഹിതകൾ കൊണ്ട് തച്ചുതകർക്കാവുന്നവയല്ല പൗര സ്വാതന്ത്ര്യമെന്ന് പ്രഖ്യാപിക്കാൻ നവ മാധ്യമത്തിൽ ഇടപെടുന്ന എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട്.''എന്നായിരുന്നു പിണറായിയുടെ ആഹ്വാനം. ഈ പോസ്​റ്റിനു കീഴിൽ രൂക്ഷമായ പ്രതികണങ്ങളുമായി നിരവധി കമൻറുകളാണ്​ ഇപ്പോൾ വരുന്നത്​.

വ്യക്​തിക​ൾക്ക്​ അപമാനകരമായ രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അ​ഞ്ച്​ വ​ർ​ഷം വ​രെ ത​ട​വ്​ ശി​ക്ഷ​യും പി​ഴ​യും ല​ഭി​ക്കും വിധമാണ്​ കേരള​ പൊലീസ്​ ആക്​ടിൽ ഭേ​ദ​ഗ​തി വരുത്തിയിരിക്കുന്നത്​. വാ​റ​ൻ​റി​ല്ലാ​തെ​ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നും ഇതുവഴി പൊ​ലീ​സി​ന്​ ക​ഴി​യും. സൈ​ബ​ർ ഇടങ്ങളിലെ അ​ധി​ക്ഷേ​പം ത​ട​യാ​ൻ എന്ന പേരിലാണ്​ നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും വിജ്​ഞാപനത്തിൽ എല്ലാ തരം മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്​. സൈബര്‍ മീഡിയ എന്ന് പ്രത്യേക പരാമര്‍ശമില്ല. ഇതുപ്രകാരം എത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാകും. ഇതിൻെറ മറവിൽ​ മാധ്യമസ്വാതന്ത്ര്യത്തിന്​ തന്നെ കൂച്ചുവിലങ്ങിടാനാണ്​ ശ്രമമെന്ന്​ നിയമ വിദഗ്​ധരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു. പ്രശാന്ത്​ ഭൂഷൺ അടക്കമുള്ള നിയമജ്​ഞർ തന്നെ സർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്​.

പിണറായിയുടെ പഴയ പോസ്​റ്റിൻെറ പൂർണ രൂപം:

"PROTECT FREEDOM OF SPEECH & EXPRESSION"


"ഭരണഘടന വെറുതെയല്ല. പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല."
പൌരന്റെ അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണ് . സാമൂഹ്യ മാധ്യമം നൽകുന്ന സാധ്യതകൾ വാരിക്കോരി ഉപയോഗപ്പെടുത്തി ഭരണത്തിലെത്തിയ സർക്കാരാണ് നരേന്ദ്ര മോഡിയുടെത്.


ഭരണം കയ്യാളിക്കഴിയുമ്പോൾ ഇത്തരക്കാർ അതേ മാദ്ധ്യമത്തിന് മുക്കുകയറിടുന്നത് ഇതാദ്യമല്ല. ഭരണഘടനയുടെ 19A അനുഛേദം സ്വാഭിപ്രായം പ്രകടിപ്പിക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും നൽകുന്നുണ്ട്.
ഈ ഭരണഘടനയെ സാക്ഷിയാക്കി ഭരണത്തിലേറുന്നവർക്ക് ഭരണഘടനാ ദത്തമായ പൗരസ്വാതന്ത്ര്യം പരിരക്ഷിക്കാനുള്ള ചുമതലയുമുണ്ട്. അതല്ല ഇന്ന് നടക്കുന്നത്. ജനവിരുദ്ധമായ നിയമ സംഹിതകൾ കൊണ്ട് തച്ചുതകർക്കാവുന്നവയല്ല പൗര സ്വാതന്ത്ര്യമെന്ന് പ്രഖ്യാപിക്കാൻ നവ മാധ്യമത്തിൽ ഇടപെടുന്ന എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട്.

#protectinternetfreedom

"PROTECT FREEDOM OF SPEECH & EXPRESSION"

"ഭരണഘടന വെറുതെയല്ല. പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല."

പൌരന്റെ അഭിപ്രായ...

Posted by Pinarayi Vijayan on Friday, 15 August 2014

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.