കുഞ്ഞനന്തൻ സമൂഹത്തോട്​ കരുതൽ കാണിച്ച സഖാവ്​ -പിണറായി

തിരുവനന്തപുരം: ടി.പി. വധക്കേസ്​ പ്രതി പി.കെ. കുഞ്ഞനന്തൻെറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചിച്ചു. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തനെന്ന്​ മുഖ്യമന്ത്രി അനുസ്​മരിച്ചു.

‘‘സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തൻെറ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിൻെറ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.’ മുഖ്യമന്ത്രി ഫേസ്​ബുക്​ കുറിപ്പിൽ പറഞ്ഞു.

പാനൂർ ഏരിയയിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച നിർഭയനായ പോരാളിയായിരുന്നു പി.കെ കുഞ്ഞനന്തനെന്ന്​ കോടിയേരി ബാലകൃഷ്ണൻ അനുസ്​മരിച്ചു. നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും സി.പി.എമ്മിൻെറ ഔദ്യോഗിക ​​ഫേസ്​ബുക്​ പേജിൽ പോസ്​റ്റ്​ ചെയ്​ത പ്രസ്​താവനയിൽ പറഞ്ഞു.

ഫേസ്ബുക് പോസ്​റ്റിൻെറ പൂർണരൂപം: 

സഖാവ് പി കെ കുഞ്ഞനന്തൻ്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. തടവുകാരനായിരിക്കെ അസുഖം മൂർച്ചിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സഖാവ് നിര്യാതനായ വാർത്ത ഏറെ ദുഖിപ്പിക്കുന്നതാണ്. യു ഡി എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തൻ. അദ്ദേഹത്തെ കേസിൽ കുടുക്കുകയായിരുന്നു. പാനൂർ ഏരിയയിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച നിർഭയനായ ഒരു പോരാളിയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായിരുന്ന സഖാവ് കുഞ്ഞനന്തൻ, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചു കൊണ്ടാണ് പാനൂർ ഏരിയയിൽ പാർട്ടി കെട്ടിപ്പടുക്കാനായി പ്രവർത്തിച്ചത്. രാഷ്ട്രീയ ശത്രുക്കൾക്ക് പോലും അദ്ദേഹം സ്വീകാര്യനും പ്രിയപ്പെട്ടവനുമായിരുന്നു. അത്രമാത്രം ജനകീയനായ നേതാവിനെ കേസിൽ കുടുക്കി ജയിലിലടക്കുകയാണ് യു ഡി എഫ് സർക്കാർ ചെയ്തത്.

സഖാവ് കുഞ്ഞനന്തൻ്റെ വിയോഗം പാർട്ടിക്ക് ഏറ്റ കനത്ത നഷ്ടമാണ്.

 

Tags:    
News Summary - pk kunjananthan pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.