പാലക്കാട്: ലൈംഗികാരോപണ വിധേയനായ പി.കെ. ശശി എം.എൽ.എയെ സി.പി.എമ്മിെൻറ മണ്ഡലം ജാഥ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടവർക്ക് നിരാശ മാത്രം. എം.എൽ.എ നയിക്കുന്ന മണ്ഡലം ജാഥ ബുധനാഴ്ച ആരംഭിക്കും. ഷൊർണൂർ നിയമസഭ മണ്ഡല പരിധിയിൽപ്പെടുന്ന പാർട്ടിയുടെ ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റികളിൽ നിന്ന് ശശിക്കെതിരെ ഉയർന്ന വിമർശനങ്ങൾ മുഖവിലക്കെടുക്കാതെയാണ് സി.പി.എം നേതൃത്വം ക്യാപ്റ്റെൻറ കാര്യത്തിൽ പഴയ നിലപാടുമായി മുന്നോട്ട് പോവുന്നത്. ജാഥയുമായി ബന്ധപ്പെട്ട ആലോചനകൾക്കായി ചേർന്ന മൂന്ന് ഏരിയ കമ്മിറ്റികളുടെ സംയുക്ത യോഗത്തിൽ എം.എൽ.എയുടെ സാന്നിധ്യത്തിലാണ് നിശിത വിമർശനമുണ്ടായത്. ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിയിൽ നിന്നുള്ള രണ്ട് പേരാണ് പ്രധാനമായും എം.എൽ.എക്കെതിരെ രംഗത്ത് വന്നത്.
കൂടുതൽ വിമർശനങ്ങൾ ഒഴിവാക്കാൻ വിഷയം അതത് ഏരിയ കമ്മിറ്റി യോഗങ്ങളിൽ ഉന്നയിച്ചാൽ മതിയെന്ന നിലപാട് കൈകൊണ്ട് നേതൃത്വം ഒരുവിധത്തിൽ തടിയൂരുകയായിരുന്നു. എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം നൽകിയ പരാതിയിൽ സംസ്ഥാന കമ്മിറ്റി നിയോഗിച്ച രണ്ടംഗ പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട് നവംബർ 23ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സമർപ്പിക്കാനിരിക്കെയാണ് ആരോപണവിധേയനായ എം.എൽ.എയെ ക്യാപ്റ്റനാക്കി സി.പി.എം മണ്ഡലം ജാഥ നടത്തുന്നത്.
മേൽകമ്മിറ്റിയുടെ നിർദേശവും കീഴ്വഴക്കവുമാണ് പി.കെ. ശശിയെ ജാഥ ക്യാപ്റ്റനായി തീരുമാനിച്ചതിന് ന്യായമായി സി.പി.എം ജില്ല നേതൃത്വം പറയുന്നത്. എം.എൽ.എമാർ ഉള്ള മണ്ഡലങ്ങളിൽ അവരും അല്ലാത്തിടങ്ങളിൽ പാർട്ടി നേതൃത്വത്തിൽ നിന്ന് ഒരാളും ജാഥയിൽ ക്യാപ്റ്റനാവണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശമെന്നാണ് ജില്ല നേതൃത്വത്തിെൻറ നിലപാട്. ശശി പ്രതിനിധാനം ചെയ്യുന്ന ഷൊർണൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള ഒരു ഏരിയ സെക്രട്ടറി ക്യാപ്റ്റനെ മാറ്റാതെ ജാഥയുമായി മുന്നോട്ട് പോകുവാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ട് പോലും വിഷയത്തിൽ പുനർചിന്തനം നടത്താൻ സി.പി.എം നേതൃത്വം തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.