പാലക്കാട്: മന്ത്രി എ.കെ. ബാലന് പകരം ഇത്തവണ തരൂരില്‍ ഭാര്യ ഡോ. പി.കെ. ജമീല സ്ഥാനാര്‍ഥിയായേക്കും. വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ജമീലയുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്കി. ഷൊർണൂരിൽ പി.കെ. ശശിക്ക് പകരം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രനാകും സ്ഥാനാർഥി. തൃത്താലയിൽ എം.ബി. രാജേഷ്, മലമ്പുഴയിൽ എ. പ്രഭാകരൻ, കോങ്ങാട് പി.പി. സുമോദ് എന്നിവരുടെ സ്ഥാനാർഥിത്വത്തിനാണ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗീകാരം നൽകിയത്. എന്നാൽ, പാലക്കാട് സീറ്റിൽ മത്സരിക്കുന്നതാരെന്ന് തീരുമാനമായിട്ടില്ല. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന എ.വി. ഗോപിനാഥ് പാർട്ടി വിടുകയാണെങ്കിൽ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരിപ്പിച്ചേക്കുമെന്ന വാർത്ത സാധൂകരിക്കുന്നതാണ് പാർട്ടി നിലപാട്.
ജില്ല സെക്രേട്ടറിയറ്റ് സമർപ്പിച്ച പട്ടികയിൽ മലമ്പുഴയിൽ എ. വിജയരാഘവൻ, സി.കെ. രാജേന്ദ്രൻ, എ. പ്രഭാകരൻ എന്നിവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. മറ്റു മണ്ഡലങ്ങളിൽ നിലവിലുള്ള എം.എൽ.എമാർ വീണ്ടും മത്സരിക്കും. ആലത്തൂർ കെ.ഡി. പ്രസേനൻ, നെന്മാറ ബാബു, ഒറ്റപ്പാലം പി. ഉണ്ണി എന്നിവരാണ് നിലവിലെ എം.എൽ.എമാർ.
അതേസമയം, സംവരണ മണ്ഡലമായ തരൂരില്‍ പട്ടികജാതി നേതാക്കളായ പൊന്നുകുട്ടന് അടക്കമുള്ളവരെ വെട്ടിയാണ് ജമീലയുടെ സ്ഥാനാര്‍ഥിത്വം. രാഷ്ട്രീയരംഗത്ത് അത്ര സജീവമല്ലാത്ത ജമീലയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽനിന്നുതന്നെ എതിർപ്പുയരുന്നുണ്ട്. നേരത്തേ പി.കെ. ജമീലയുടെ പേര് ജില്ല സെക്രേട്ടറിയറ്റില്‍ നിര്‍ദേശിച്ചപ്പോള്‍ അവിടെയും തര്‍ക്കമുണ്ടായിരുന്നു. റിട്ട. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഡോ. പി.കെ. ജമീല.
പാലക്കാട് ജില്ല ആശുപത്രിയില്‍ ഡോക്ടറായും ജില്ല മെഡിക്കല്‍ ഓഫിസറായും സേവനമനുഷ്ഠിച്ചിരുന്ന ജമീല, സംസ്ഥാന സര്‍ക്കാറിെൻറ ആര്‍ദ്രം പദ്ധതിക്ക് നേതൃത്വം നൽകിയിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായിരുന്ന പി.കെ. കുഞ്ഞച്ചെൻറ മകളാണ്. ഭാര്യയെ മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധമെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ബാലൻ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.