തന്റെ ആരോപണങ്ങൾ നിഷേധിച്ചുള്ള മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വെല്ലുവിളിയുമായി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ കുറിപ്പിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചാണ് ഫേസ്ബുക്കിൽ സ്വപ്നയുടെ മറുപടി പോസ്റ്റ്. ചിത്രങ്ങൾ കണ്ട് ഒന്നും ഓർമ വരുന്നില്ലെങ്കിൽ തനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് വെല്ലുവിളി. എന്നാൽ, ബാക്കി തെളിവുകൾ കൂടി കോടതിയിൽ ഹാജരാക്കാൻ തനിക്ക് കഴിയുമെന്നും അവർ കുറിച്ചു.
''ഇത് ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനോടും അനുബന്ധ വാദങ്ങളോടുമുള്ള വിനീതമായ മറുപടിയും ഓർമപ്പെടുത്തലും മാത്രമാണ്. ഇത് കണ്ട് ബാക്കിയൊന്നും ഓർമ വരുന്നില്ലെങ്കിൽ എനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ അദ്ദേഹത്തോട് അഭ്യർഥിക്കുന്നു. എന്നാൽ, ബാക്കി തെളിവുകൾ കൂടി കോടതിയിൽ ഹാജരാക്കാൻ എനിക്ക് കഴിയും'' സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു.
സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ശ്രീരാമകൃഷ്ണൻ രംഗത്തുവന്നിരുന്നു. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല. ആർക്കും അനാവശ്യമായ മെസേജുകൾ അയച്ചിട്ടില്ല. അത്തരം പരാതികൾ ഇതുവരെയും ആരും ഉന്നയിച്ചിട്ടുമില്ല. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ച് മുന്നോട്ട് പോകും. പാർട്ടിയുമായി ചർച്ച ചെയ്ത് സ്വപ്നക്കെതിരെ നിയമ നടപടി ആലോചിക്കുമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.