തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയൻറ് അനുവദിക്കുന്നത് നിയന്ത്രിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ. എസ്.എസ്.എൽ.സി പരീക്ഷയിലെ ഗ്രേഡിന് പുറമെ വിവിധ വിഭാഗങ്ങളിൽ ഒരു വിദ്യാർഥിക്ക് 15 മുതൽ 19 വരെ ബോണസ് പോയൻറ് ലഭിക്കുന്ന സാഹചര്യമുണ്ട്. ഇത് പരീക്ഷയിൽ ഉയർന്ന ഗ്രേഡ് ലഭിച്ച വിദ്യാർഥികളെയും മറികടന്ന് മറ്റ് വിദ്യാർഥികൾക്ക് പ്രവേശനത്തിന് വഴിയൊരുക്കുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
വിദ്യാർഥികൾക്ക് നൽകുന്ന ബോണസ് പോയൻറിന് പരിധി നിശ്ചയിക്കണമെന്നാണ് ശിപാർശ. പഞ്ചായത്ത്/സ്പോർട്സ് കൗൺസിൽ അധികൃതരെ സ്വാധീനിച്ച് നീന്തൽ അറിയാമെന്ന സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയും അതിെൻറ ബലത്തിൽ ബോണസ് പോയൻറ് നേടുന്ന സംഭവങ്ങൾ വ്യാപകമാണ്.
ഇതിനുപുറമെ എൻ.സി.സി, സ്കൗട്സ് ആൻഡ് ഗൈഡ്സ് രാഷ്ട്രപതി പുരസ്കാർ/രാജ്യ പുരസ്കാർ തുടങ്ങിയവക്ക് ഗ്രേസ് മാർക്കിന് പുറമെ ബോണസ് പോയൻും നൽകുന്ന സാഹചര്യവുമുണ്ട്. ഒരു നേട്ടത്തിന് ഇരട്ട ആനുകൂല്യം നൽകുന്നതാണ് ഇൗ രീതി. പത്താം ക്ലാസ് പഠിച്ച അതേ സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിനും അതേ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപറേഷൻ, താലൂക്ക് തുടങ്ങിയവയിലെ സ്കൂളുകളിലെ പ്രവേശനത്തിനും േബാണസ് പോയൻറുണ്ട്.
കൂടുതൽ ബോണസ് പോയൻറ് പ്ലസ് വൺ പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിക്ക് ഇടയാക്കുെന്നന്നും ഇത് നിയന്ത്രിക്കണമെന്നും നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികളെ ബോണസ് പോയൻറിെൻറ ബലത്തിൽ മുഴുവൻ എ പ്ലസ് ഇല്ലാത്തവർ പ്രവേശനത്തിൽ മറികടക്കുന്ന സാഹചര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇത് നിയന്ത്രിക്കാനും പരമാവധി നൽകാവുന്ന ബോണസ് പോയൻറ് നിശ്ചയിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ശിപാർശ സമർപ്പിച്ചത്.
ഇൗ വർഷം 1,21,318 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചതോടെ സീറ്റിനായുള്ള മത്സരം കടുക്കുമെന്നുറപ്പാണ്. ഇതിനുപുറമെ ബോണസ് പോയൻറ് നൽകുന്നത് ഉയർന്ന ഗ്രേഡ് ലഭിച്ച വിദ്യാർഥികളുടെ അവസരം കവരുന്നതിനിടയാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.