മലപ്പുറം: പ്ലസ്വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തവർ രാജിവെച്ചുപോകണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജ് മാർക്കണ്ഡേയ കട്ജു. മലപ്പുറം നിയോജകമണ്ഡലത്തിൽ, ഉന്നത വിജയംനേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിൽ പത്താംക്ലാസ് വിജയിച്ചവരുടെ എണ്ണവും പ്ലസ്വൺ സീറ്റുകളുടെ എണ്ണത്തിലും വലിയ അന്തരം
നിലനിൽക്കുന്നുണ്ട്. കുട്ടികൾ വലിയ പ്രതീക്ഷകളോടെയാണ് പഠിക്കുന്നത്. ഭാവിയിൽ ഡോക്ടറും എൻജിനീയറുമെല്ലാം ആവണമെന്ന് ആഗ്രഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ ഉപരിപഠനസൗകര്യം സർക്കാർ ഒരുക്കണം. മുഖ്യമന്ത്രിയും നിയമസഭ സ്പീക്കറുമെല്ലാം കരുതിയാൽ പരിഹരിക്കാവുന്നതേയുള്ളൂ ഈ പ്രശ്നം. ഇത് എന്തുകൊണ്ടാണ് ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത്? വലിയ കുറ്റകൃത്യമാണ് സർക്കാർ കുട്ടികളോട് ചെയ്യുന്നത്.
താൻ ഈ വിഷയം നിയമസഭ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇനിയും തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കെതിരെ താൻ പ്രചാരണത്തിനിറങ്ങുമെന്നും കട്ജു പറഞ്ഞു. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടകനായി പങ്കെടുത്ത പരിപാടിയിലാണ് മുൻ സുപ്രീംകോടതി ജഡ്ജി പ്ലസ്വൺ വിഷയത്തിൽ സർക്കാറിനെതിരെ രൂക്ഷ പ്രതികരണം നടത്തിയത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ വൻകരഘോഷത്തോടെയാണ് കട്ജുവിന്‍റെ പ്രസംഗത്തെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.