കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റേതടക്കം 17 അക്കൗണ്ടുകളിൽ 21.29 കോടിയുടെ ക്രമക്കേട് നടത്തി, 12.68 കോടി രൂപ തട്ടിയ കേസിൽ പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക്റോഡ് ശാഖ മുൻ സീനിയർ മാനേജർ നായർകുഴി സ്വദേശി ഏരിമല പറപ്പാറമ്മൽ വീട്ടിൽ എം.പി. റിജിലിനെയാണ് (32) ജില്ല ക്രൈംബ്രാഞ്ച് ബുധനാഴ്ച വൈകീട്ട് അറസ്റ്റുചെയ്തത്.
വീടിനുസമീപം കുറ്റ്യേരിമ്മലെ ബന്ധുവീട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. കോർപറേഷന്റെ അക്കൗണ്ടുകളിൽനിന്ന് നഷ്ടമായ മുഴുവൻ തുകയും ബുധനാഴ്ച പി.എൻ.ബി തിരിച്ചുനൽകിയതായി സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. 10,07,47,231രൂപയാണ് ലഭിച്ചത്. ബാങ്ക് ഉന്നതതല യോഗം ചേർന്ന ശേഷമാണ് കോർപറേഷന്റെ പണം അക്കൗണ്ടിൽ തിരിച്ചിട്ടത്.
രണ്ടാമതും പ്രിൻസിപ്പൽസ് ജില്ല സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് റിജിൽ പിടിയിലായത്. നേരത്തേ നൽകിയ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. കോർപറേഷന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതിനുപിന്നാലെ നവംബർ 29ന് ബാങ്കിന്റെ നിലവിലെ സീനിയർ മാനേജർ സി.ആർ. വിഷ്ണു നൽകിയ പരാതിയിൽ ടൗൺ പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രാഥമികാന്വേഷണത്തിൽതന്നെ തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തിയതോടെ കേസിന്റെ തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പ്രതി രാജ്യം വിടാതിരിക്കാൻ അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അസി. കമീഷണർ ടി.എ. ആന്റണിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സി. ഷൈജു, പവിത്രൻ, എ.എസ്.ഐ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.