കൊച്ചി: പൊക്കാളി കൃഷി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നൂറു വയസുകാരി പുരയിടത്തിൽ ഞാറ്റടി ഒരുക്കുവാൻവിത്ത് വിതച്ചു. കഴിഞ്ഞ ഏപ്രിൽ 15 നുള്ളിൽ പാടശേഖരത്തിൽ നിന്നും പൂർണമായും നിർമാർജനം ചെയ്യപ്പെടേണ്ടിയിരുന്ന ലവണാംശമുള്ള ജലം വയലുകളിൽ നിലവിലും തുടരുന്ന പശ്ചാത്തലത്തിൽ ഈ വർഷത്തെയും നെൽകൃഷി അവതാളത്തിൽ ആകുമെന്ന് കർഷകർ പരാതിപ്പെട്ടു.
കൃഷി മുടങ്ങാതിരിക്കാൻ നൂറു വയസുള്ള കർഷക, പ്രതിഷേധ പൂർവ്വം തൻ്റെ പുരയിടത്തിൽ ഞാറ്റടി ഒരുക്കുവാൻ വിത്ത് വിതച്ചു. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം മാത്രമാണ് കുറച്ചു വർഷങ്ങളായി തുടർച്ചയായി കൃഷി മുടങ്ങുന്നത്.
അഞ്ച് ഏക്കർ വയലിൽ പൊക്കാളി കൃഷിക്ക് വേണ്ടി വിത്ത് വിതക്കുന്നതിന് തടസം നേരിടുന്നതിനാലാണ് ബേബി ജോസഫ് കളത്തുങ്കൽ പ്രതിഷേധവുമായി രംഗത്തുവന്നത്. വയലുകളിലെ ജലവിതാനം അനുയോജ്യമായ രീതിയിൽ ക്രമീകരിക്കപ്പെടുകയാണെങ്കിൽ രണ്ടാഴ്ചത്തെ വളർച്ച നേടിയതിനു ശേഷം ഞാറ്റടിയിൽ പരിപാലിച്ച ഞാറുകൾ പാടത്ത് നടുന്നത് ഉചിതമായിരിക്കുമെന്ന് വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെ മുൻ ഡയറക്ടർ ഡോ. വി. ശ്രീകുമാർ നിർദേശിച്ചു.
കിലോ 100 രൂപക്ക് ചെട്ടിവരിപ്പ് വിഭാഗത്തിൽപ്പെട്ട വിത്ത് മുൻ ഡി.ജി.പി ഹോർമിസ് തരകനാണ് നൽകിയത്. 4000 രൂപ മുടക്കി വാങ്ങിച്ച 40 കിലോ വിത്ത് ഈ വർഷം ഉപയോഗിച്ചില്ലെങ്കിൽ കെട്ടുപോകും . അടുത്തവർഷം ഇത് ഉപയോഗിക്കാൻ പറ്റില്ല. ഭാരിച്ച ചെലവ് സഹിച്ചാണ് കൃഷി നടത്തുന്നത്. നെൽ കർഷകരെ സംരക്ഷിക്കേണ്ട കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ മറ്റു താല്പര്യങ്ങളുടെ സ്വാധീനത്തിലാണ് .
കൊച്ചി കലക്ടർ ചെയർമാൻ ആയിട്ടുള്ള പി.എൽ.ഡി.എ (പൊക്കാളി ഭൂവികസന ഏജൻസി)യുടെ ഉത്തരവ് അനുസരിച്ച് എല്ലാവർഷവും ഏപ്രിൽ 15ന് തന്നെ ഉപ്പുവെള്ളം വയലുകളിൽ നിന്ന് പൂർണമായും നിർമാർജനം ചെയ്യണം. ജൂണിൽ ഇടവപ്പാതി ആരംഭിക്കുമ്പോൾ മുളപ്പിച്ച നെൽവിത്തുകൾ വയലുകളിൽ വിതച്ചുകൊണ്ടാണ് കൃഷി ആരംഭിക്കുന്നത്. ലവണ ജലത്തിൽ മത്സ്യകൃഷി ചെയ്യുന്ന ലോബികളുടെ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഉദ്യോഗസ്ഥർ നെൽകൃഷി അട്ടിമറിക്കുന്നത്.
ലവണ രസത്തെയും വെള്ളപ്പൊക്കത്തേയും ഒരേ സമയം പ്രതിരോധിച്ചു കൊണ്ട് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ തന്നെ 110 ദിവസങ്ങൾ കൊണ്ട് വിളവ് നൽകുന്ന ജി ഒന്ന് അംഗീകാരം ലഭിച്ചിട്ടുള്ള പൊക്കാളി കൃഷിയാണ് സർക്കാരിന്റെ നിലപാട് മൂലം അന്യം നിന്നു പോകുന്നത്. നിലം ഉടമകളായ ചന്തു മഞ്ചാടിപറമ്പിൽ, ബാബു പള്ളിപ്പറമ്പിൽ, വർഗീസ് കുട്ടി മുണ്ടുപറമ്പിൽ, ഫ്രാൻസിസ് കളത്തിങ്കൽ, കെ. പ്രതാപൻ തുടങ്ങിയവർ വിത്ത് വിതക്കാൻ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.